പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽകുന്ന നവരാത്രി ആഘോഷം നാളെ തുടങ്ങും. എല്ലാദിവസവും അഷ്ടാഭിഷേകം, ചിറപ്പ്, കളഭാഭിഷേകം എന്നിവയുണ്ടാകും ആഘോഷദിനങ്ങളിൽ സരസ്വതീപൂജ, ശ്രീവിദ്യാമന്ത്രാർച്ചന, ഭഗവതിസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ. ദിവസവും അത്താഴപൂജയ്ക്കു ശേഷം വിശേഷാൽ കഷായം വിതരണം ചെയ്യും.
ഒന്നാം ദിവസം മുതൽ സരസ്വതീ മണ്ഡപത്തിൽ സംഗീതോത്സവം നടക്കും. 26 ന് വൈകിട്ട് അഞ്ചിന് സംഗീതജ്ഞ പ്രിയ ആർ. പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കലാകാരന്മാർ സംഗീതക്കച്ചേരി, ഭജൻസന്ധ്യ വാദ്യസംഗീത പരിപാടികൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അവതരിപ്പിക്കും. കുരുന്നുകൾ അരങ്ങേറ്റം നടത്തും. 30ന് വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രതിക്ഷനേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. ഒക്ടോബർ 2ന് വൈകിട്ടാണ് പൂജവയ്പ്. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിജയദശമി ദിനമായ 5ന് പുലർച്ചെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭം നടക്കും. പ്രമുഖ ഗുരുക്കന്മാരുടെ കീഴിൽ ആയിരക്കണക്കിനു കുരുന്നുകൾ ഹരിശ്രീ കുറിക്കും. തിരുവതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ചേർന്നാണ് ഉത്സവത്തിനു നേതൃത്വം നൽകുന്നത്..
വെളുത്താട്ട് ക്ഷേത്രം
വെളുത്താട്ട് വടക്കൻ ചൊവ്വാഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ദേവിഭാഗവത നവാഹയജ്ഞത്തോടെ തുടങ്ങി. മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയാണ് മുഖ്യാചാര്യൻ. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് യജ്ഞം സമർപ്പണത്തോടെ സമാപിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്. ദുർഗ്ഗാഷ്മിദിനമായ 3ന് രാവിലെ പത്തിന് ലളിതാസഹ്രനാമാർച്ചന. മഹാനവമിദിനമായ 4ന് ആയുധപൂജ, വൈകിട്ട് ആറരക്ക് വിശേഷാൽപൂജ, വിജയദശമിദിനമായ 5ന് രാവിലെ ഒമ്പതിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. വൈകിട്ട് ആറരയ്ക്ക് ഭാഗവതി സപ്താഹയജ്ഞ മാഹാത്മ്യ പ്രഭാഷണം.
വാണീവിഹാരം ക്ഷേത്രം
കെടാമംഗലം വാണീവിഹാരം സരസ്വതി - ഭദ്രകാളിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ (26-09) മുതൽ ഒക്ടോബർ 5വരെ നടക്കും. 26ന് രാവിലെ ആറിന് ഗണപതിഹോമത്തോടെ മഹോത്സവ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് ആറരക്ക് നവരാത്രി ആഘോഷങ്ങൾക്ക് ശ്രീഹരി പ്രദീപ് ഭദ്രദീപം തെളിയിക്കും. 2ന് പൂജവയ്പ്, രാത്രി എട്ടിന് നൃത്ത സംഗീതോത്സവവും സാംസ്കാരിക സമ്മേളനവും ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ ഉദ്ഘാടനം ചെയ്യും. പി.വി.സുനിൽ, ഡോ. സി.എം.രാധാകൃഷ്ണൻ, റവ.ഫാദർ ആൽബി കോണത്ത്, ഇക്ബാൽ അസ് ലമി, ടി.ആർ. ശ്രീകാന്ത് തന്ത്രി എന്നിവർ സംസാരിക്കും. 4ന് രാവിലെ മുതൽ വൈകീട്ട് 6 വരെ സരസ്വതി അഖണ്ഡനാമജപം.വൈകിട്ട് അഞ്ചിന് ശ്രീവിദ്യാരാജഗോപാലമന്ത്രാർച്ചന. 5ന് രാവിലെ 8ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. വൈകിട്ട് ഏഴിന് നൃത്തസന്ധ്യ.