നെടുമ്പാശേരി: ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നാളെ മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 26ന് ദേവിക്ക് പ്രിയപ്പെട്ട വീണാനാദത്തോടെ 31-ാമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമാകും. 26ന് നർത്തകിയും ഗായകിയുമായ ഡോ. ലക്ഷ്മി എസ്. മേനോൻ ഉദ്ഘാടനം ചെയ്യും. മഹാനവമി ദിനത്തിലെ സംഗീതോത്സവം പിന്നണി ഗായകൻ ഗണേഷ് സുന്ദരവും വിജയദശമി ദിനത്തിലെ സംഗീതോത്സവം സംഗീത സംവിധായകൻ ബിജിപാലും ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ രണ്ടിന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ പുസ്തങ്ങൾ പൂജയ്ക്ക് വെയ്ക്കും. മഹാനവമി ഒക്ടോബർ നാലിനും വിജയദശമി അഞ്ചിനുമാണ്. ശ്രീ ശങ്കരാചാര്യ സ്വാമികൾ വിദ്യാരംഭം കുറിച്ച ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ ഒക്ടോബർ 3,4 തീയതികൾ ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ക്ഷേത്ര വെബ്‌സൈറ്റിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ട്. അദ്ധ്യാപകരും പണ്ഡിതരും കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടാകും.
നവരാത്രി മഹോത്സവ ദിവസങ്ങളിൽ സംഗീതനൃത്താരാധനകൾ ഉണ്ടാകും.10 ദിവസമായി നടക്കുന്ന സംഗീതോത്സവത്തിൽ 50 പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കും. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള സജ്ജീകരണങ്ങളുണ്ട്. ഒക്ടോബർ രണ്ടിന് വൈകിട്ട് 5.30ന് സാരസ്വതമന്ത്രാർച്ചന നടക്കും. ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകിട്ട് നവമി, ദശമി ദിവസങ്ങളിൽ മൂന്ന് നേരവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാകും.