കൊച്ചി: ബധിരമൂക വിദ്യാർത്ഥികൾക്കായി സൈൻലേൺ എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ. ഫിസാറ്റ് കമ്പ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർത്ഥികളായ പോൾ എലിയാസ് സോജൻ, നിനോ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ന്യൂഡൽഹി സാമൂഹ്യനീതിവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പ്രതിഭ ഭൗമിക്ക് മൊബൈൽ ആപ്പ് സമർപ്പിച്ചു.
2021ൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജും ഇന്ത്യൻ സൈൻ ലാംഗ്വേജ് ആൻഡ് റിസർച്ച് ട്രെയിനിംഗ് സെന്ററും ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഫിസാറ്റ് വിദ്യാർത്ഥികൾ അദ്ധ്യാപകൻ ജസ്റ്റിന്റെ നേതൃത്വത്തിലാണ് മൊബൈൽആപ്പ് വികസിപ്പിച്ചത്. ബധിരമൂക വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷ പെട്ടെന്ന് മനസിലാക്കുന്നതിനും അവയിൽ പരിശീലനം നൽകുന്നതിനുമായി മൂവായിരത്തിലധികം വാക്കുകളും അവയുടെ ആംഗ്യ ഭാഷയും ആപ്പിലൂടെ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.