1

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി ബീച്ച് പരിസരത്ത് തെരുവുനായ്ക്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. 71 തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേറ്റ് ചെയ്തു. ഇതിൽ വന്ധ്യംകരിച്ചിട്ടില്ലാത്ത 13 നായ്ക്കളെ ബ്രഹ്മപുരത്തേക്ക് മാറ്റി. തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രൈവ് നടത്തിയത്.

ഡ്രൈവിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ നാല് മൃഗാശുപത്രികളുടെ കീഴിൽ 40 ഇടങ്ങളിലായി തെരുവ് നായ്കൾക്ക് വാക്‌സിനേഷൻ സൗകര്യം ഒരുക്കും. മൃഗസ്‌നേഹികളായ സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെയാണ് നായ്ക്കളെ പിടികൂടുന്നത്. ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ നഗരസഭയുടെ വെറ്ററിനറി ഡോക്ടർമാരും എ.ബി.സി. മെഡിക്കൽ ഓഫീസർമാരും ഡോഗ് ഹാൻഡ്ലേഴ്‌സും, സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സംഘമാണ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മെഗാ വാക്‌സിനേഷൻ ക്യാമ്പിന് മേയർ എം.അനിൽകുമാറിനും ഹെൽത്ത് കമ്മിറ്റി ചെയർമാനുമൊപ്പം ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ, കൗൺസിലർ ആന്റണി കുരീത്തറ എന്നിവരും നേതൃത്വം നൽകി.