expo

കൊച്ചി: അമ്പതോളം കമ്പനികളിലെ രണ്ടായിരത്തിലേറെ ഒഴിവുകളിലേക്കായി നടത്തിയ തൊഴിൽ മേളയ്ക്ക് മികച്ച പ്രതികരണം. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ട്രേഡ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ്ഫെയറിൽ പങ്കെടുക്കാൻ ആയിരത്തിലേറെ യുവാക്കളാണ് എത്തിയത്.

ഇവരിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ഞൂറോളം പേർക്ക് ഉടൻ നിയമനം നൽകുമെന്ന് കമ്പനികൾ അറിയിച്ചു. അഞ്ഞൂറിലേറെപ്പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. സിന്തൈ​റ്റ്, ചിക്കിംഗ്, ഫ്രോസൻ, വിഷൻ ഹോണ്ട, പീപ്പിൾസ് അർബൻ ഡെവലപ്‌മെന്റ് ബാങ്ക്, സാന്റാ മോണിക്ക, ബാൻവെ​റ്റ് ഇൻഡസ്ട്രീസ്, ബി. ജെൽ​റ്റ് ടെക്‌നോളജീസ്, കിഡോനെക്‌സ്, എം.ഇ.എസ് ആശുപത്രി, ആയുർ ജീവൻ, വൈ​റ്റ്‌കോം തുടങ്ങിയ തൊഴിൽദാതാക്കളാണ് മേളയിൽ പങ്കെടുത്തത്.

കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ. വി അബ്ദുൾ ഖാദർ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.യു. അഷറഫ് അദ്ധ്യക്ഷനായി. കോലഞ്ചേരി പ്രവാസി സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം വി.ആർ. അനിൽ കുമാർ, എ.എം. കരീം, ടി.കെ. സലീം, പി.എൻ. ദേവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ട്രേഡ് എക്‌സ്‌പോയുടെ ഭാഗമായി രാവിലെ 10 ന് യുവ സംരഭകർക്ക് മോട്ടിവേഷണൽ ക്ലാസ്, രഞ്ജിത് ബ്രഹ്മ , ഡോ. പി.പി. വിജയൻ തുടങ്ങിയവർ നയിക്കും. ഉച്ചയ്ക്ക് 2ന് വിവിധ കോളേജുകളുടെ ബിസിനസ് ഐഡിയ പ്രസന്റേഷൻ വൈകിട്ട് 7ന് പ്രസീദ ചാലക്കുടിയും സംഘവും കലാസന്ധ്യയും അവതരിപ്പിക്കും