
ആലുവ: അനിശ്ചിതമായി നിർമ്മാണം നീളുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ ഭാഗികമായി തുറന്നു. പെരുമ്പാവൂർ മേഖലയിലേക്ക് പോകുന്ന ബസുകൾക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനുമുള്ള ഇടമായി ടെർമിനൽ മാറ്റിയിരിക്കുകയാണ്.
കടുത്ത വേനലിൽ വലഞ്ഞിരുന്ന യാത്രക്കാർക്ക് ആശ്വാസമേകുന്നതാണ് ടെർമിനൽ തുറന്ന നടപടി. താത്കാലിക ഷെഡിലാണ് സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ചൂടും പൊടിയുമേറ്റാണ് ബസ് സ്റ്റാൻഡിൽ ജീവനക്കാരും യാത്രക്കാരും നിൽക്കുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ടെർമിനലിലേക്ക് മാറ്റി അനൗൺസ്‌മെന്റ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പെരുമ്പാവൂർ ബസുകൾ സ്റ്റാൻഡിന് അകത്തേക്ക് കയറിയതോടെ ദീർഘദൂര ബസുകൾക്ക് വന്നുപോകാൻ സ്ഥലം ലഭിച്ചിട്ടുണ്ട്. ഇതുവരെ സ്റ്റാൻഡിന് പുറത്ത് നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കിയിരുന്നത്.
അൻവർ സാദത്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി 89.6 ലക്ഷം രൂപ ചെലവിട്ടാണ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്. 2020 ജനുവരി 28ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ശിലാസ്ഥാപനം നടത്തിയത്. പൊതുമരാമത്ത് വകുപ്പും കെ.എസ്.ആർ.ടി.സി എൻജിനിയറിംഗ് വിഭാഗവും തർക്കം മുറുകിയതോടെയാണ് നിർമ്മാണം ഇഴയാൻ തുടങ്ങിയത്.