കൊച്ചി: നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താനാവുന്നവിധം 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന രീതിയിൽ കേരളത്തിലെ റെയിൽവികസനം പുരോഗമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയുടെ ജീവിതവീക്ഷണങ്ങളും രാഷ്ട്രവ്യവഹാര സങ്കൽപ്പങ്ങളും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ഗതാഗത സംവിധാനങ്ങളില്ലാതെ രാജ്യപുരോഗതിയുണ്ടാവില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഭരണാധികാരിയാണ് നരേന്ദ്രമോദി. അതിന് തെളിവാണ് രാജ്യത്ത് ദ്രുതഗതിയിൽ വമ്പൻ റോഡ് പദ്ധതികളും റെയിൽ പദ്ധതികളും നടപ്പാകുന്നത്.
കേരളത്തിന്റെ കെ-റെയിൽ പദ്ധതി എന്താകുമെന്ന് അറിയില്ല. യഥാർത്ഥ കെ-റെയിലാണ് റെയിൽവേ നടപ്പാക്കുന്നത്. സിഗ്നലിംഗ് സംവിധാനം പൂർണമായും ഓട്ടോമാറ്റിക്കാക്കി വരികയാണ്. ഉയർന്ന വേഗതയിൽ സഞ്ചരിക്കാവുന്ന ഭാരം കുറഞ്ഞതും സുരക്ഷിതവുമായ കോച്ചുകൾ തമിഴ്നാട്ടിലെ പെരുമ്പതൂർ ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. ട്രാക്കിന്റെ ശേഷിയും വർദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയെ ഒഴിവാക്കിയുള്ള പുതിയ ലോകക്രമത്തെക്കുറിച്ച് ആലോചിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. 5-8 വർഷത്തിനുള്ളിൽ ലോക സാമ്പത്തികരംഗത്ത് 2-3 സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. വികസ്വര രാജ്യത്തെ വികസിതമാക്കാനാണ് പരിശ്രമമെന്ന് മന്ത്രി പറഞ്ഞു. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ. വി.കെ. വിജയകുമാർ, പത്രപ്രവർത്തൻ രാമചന്ദ്രൻ, മുൻ കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. അബ്ദുൾ സലാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സി.ജി. രാജഗോപാൽ സ്വാഗതവും സി.വി. സജിനി നന്ദിയും പറഞ്ഞു.