വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ മണ്ഡലത്തിൽ നിന്ന് ഉൾപ്പെടുത്തിയ ഞാറക്കൽ ജയ്‌ഹിന്ദ് മൈതാനത്തിന്റെ വികസന മാസ്റ്റർ പ്ലാൻ ഒരു മാസത്തിനകം തയ്യാറാകുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ അറിയിച്ചു. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ വിദഗ്ധരുമായി എം. എൽ. എ നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രാദേശിക കായിക ആവശ്യങ്ങൾക്കും പ്രസക്തിക്കും യോജിക്കുംവിധത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
50 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ വിഹിതവും എം.എൽ.എ ഫണ്ട് വിഹിതവും ഉൾപ്പെടെ ഒരുകോടിയുടെ വികസനമാണ് ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മൈതാനത്ത് നടപ്പാക്കുക. സ്റ്റെപ്പ് ഗാലറി, സെവൻസ് ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ, പ്രഭാത സവാരിക്ക് പ്രത്യേക പാത, സ്റ്റേജിന്റെയും ചെയ്ഞ്ച് റൂമിന്റെയും ശുചിമുറികളുടെയും നവീകരണം എന്നിവ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ മൈതാനം ഉയർത്തുകയും നാലുവശത്തും ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്യും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി.ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനി രാജു, വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ചെറിയാൻ വാളൂരാൻ, വാർഡ് അംഗം പ്രീതി ഉണ്ണിക്കൃഷ്ണൻ, മുൻ അംഗം കെ.എം. ദിനേശൻ, കെ.വി.നിജിൽ, വൈപ്പിൻ സ്‌പോർട്സ് ക്ലബ് സെക്രട്ടറി ആകാശ് എന്നിവരും സന്നിഹിതരായിരുന്നു.