t
പ്രവീൺ

തൃപ്പൂണിത്തുറ: കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികി​ത്സയിലായിരുന്ന ചൂരക്കുളത്തിൽ വീട്ടിൽ പ്രവീൺ ഫ്രാൻസീസ് (47) മരിച്ചു. കഴിഞ്ഞ 18ന് വൈകി​ട്ട് ഇരുമ്പനം ചോയിസ് ടവറിന് സമീപം വച്ചാണ് കുത്തേറ്റത്. കുത്തു കൊണ്ട് വയറിൽ നിന്ന് രക്തം വാർന്ന പ്രവീൺ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വയറു ചുറ്റി കെട്ടി തനിയെ മോട്ടോർ സൈക്കിൾ ഓടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പ്രവീണി​നെ ആശുപത്രി ജീവനക്കാർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കോട്ടയം മെഡിക്കൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രതി​യായ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പെയിന്തറ കോളനിയിൽ മാലായിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അച്ചു എന്നു വിളിക്കുന്ന അഖിലി​(27)നെ ഉദയംപേരൂർ മാളേകാട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സി.ഐ. ഗോപകുമാറും സംഘവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

അബോധാവസ്ഥയിലായി​രുന്ന പ്രവീണി​ന്റെ മൊഴി എടുക്കാനാകാതി​രുന്നതി​നാൽ കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ മൊഴി പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുളളതായും പൊലീസ് പറഞ്ഞു. പ്രവീണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രവീണിന്റെ അമ്മ: എൽസി. ഭാര്യ: മഞ്ജു. മക്കൾ: ജോമ, ജോസ്വിൻ.