
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ന്യൂറോ സർജനില്ല
രോഗികൾക്ക് ആശ്രയം കോട്ടയം മെഡിക്കൽ കോളേജ്
കൊച്ചി: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ന്യൂറോ സർജനില്ല. പാവപ്പെട്ടവർ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റോ മസ്തിഷ്കാഘാതം സംഭവിച്ചോ എത്തിയാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടും. ഈ അസൗകര്യം മുതലെടുക്കുന്നത് സ്വകാര്യ ആശുപത്രികളും.
എറണാകുളം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ ആറുമാസം മുമ്പ് പിരിഞ്ഞുപോയി. എറണാകുളം മെഡിക്കൽ കോളേജിൽ ന്യൂറോ ഡിപ്പാർട്ട്മെന്റ് ഇല്ലാത്തതിനാൽ ഡോക്ടറും ഇല്ല.
ജനറൽ ആശുപത്രി
എറണാകുളം ജനറൽ ആശുപത്രി ചികിത്സയുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ മുൻപന്തിയിലാണ്. പക്ഷേ, ന്യൂറോ സർജൻ പോസ്റ്റ് അനുവദിച്ചിട്ടില്ല. എൻ.എച്ച്.എം വഴി നിയമിച്ച ഡോക്ടർ മാസങ്ങൾക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിൽ ജോലികിട്ടിപ്പോയി. പകരം ആളെത്തിയില്ല. 90,000 രൂപയായിരുന്നു ഡോക്ടറുടെ പ്രതിമാസ ശമ്പളം. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ലഭിക്കും.
മെഡിക്കൽ കോളേജ്
എറണാകുളം മെഡിക്കൽ കോളേജിൽ ന്യൂറോ സർജൻ പ്രൊഫസർ പോസ്റ്റില്ല. ന്യൂറോ ഡിപ്പാർട്ട്മെന്റുമില്ല. മെഡിക്കൽ കോളേജുകളിൽ ഡി.എം.ഇയാണ് (ഡയറക്ട്രേറ്റ് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ) ഡോക്ടർമാരെ പോസ്റ്റ് ചെയ്യുന്നത്.
''എൻ.എച്ച്.എം വഴിയാണ് ജനറൽ ആശുപത്രിയിൽ ഡോക്ടറെ നിയമിച്ചത്. ആ ഡോക്ടർ പോയതിനാൽ പിന്നീട് ഈ വിഭാഗം പ്രവർത്തിച്ചിട്ടില്ല""
ഡോ.എസ്.ശ്രീദേവി,
ഡി.എം.ഒ
''മെഡിക്കൽ കോളേജിൽ ഡിപ്പാർട്ട്മെന്റ് ഇല്ലാത്തതിനാൽ പ്രൊഫസർമാരെ നിയമിച്ചിട്ടില്ല. ഡിപ്പാർട്ട്മെന്റിന്റെ നിർമ്മാണം നടക്കുന്നു. എപ്രിലിൽ പൂർത്തിയാകും""
ഡോ.രശ്മി രാജൻ,
പ്രിൻസിപ്പൽ,
എറണാകുളം മെഡിക്കൽ കോളേജ്