കൊച്ചി: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തിരി തെളിയുമ്പോൾ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഒരുക്കൾ പൂർത്തിയായി. ഒക്ടോബർ അഞ്ചുവരെ നവരാത്രി ആഘോഷങ്ങൾ നടക്കും.

ചോറ്റാനിക്കര ദേവീക്ഷേത്രം

ഇന്ന് വൈകിട്ട് 6.30ന് സംവിധായകൻ ഷാജി എൻ. കിരൺ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

എല്ലാദിവസവും രാവിലെ 8: 30 മുതൽ ശീവേലി, ഒക്ടോബർ രണ്ടിന് രാവിലെ 8.30ന് ചേരനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ ശീവേലി മേളം, മൂന്നിന് രാവിലെ 8.30ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ പ്രസിദ്ധമായ ഒമ്പതാം പവിഴമല്ലിത്തറമേളം, നാലിന് രാവിലെ 8.30ന് പെരുവനം കുട്ടന്മാരാരുടെ ശീവേലി മേളം, രാവിലെ 7 മണി മുതൽ വൈകിട്ട് 4 വരെ നവരാത്രി സംഗീതോത്സവം. വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ പൂജവപ്പ് ചടങ്ങുകൾ. അഞ്ചിന് രാവിലെ 8.30ന് വിദ്യാരംഭം

പറവൂ‌ർ ദക്ഷിണ മൂകാംബിക ക്ഷേത്രം

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സംഗീതോത്സവം സംഗീതജ്ഞ പ്രിയ ആ‌ർ. പൈ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വിജയദശമി ദിനത്തിൽ പുലർച്ചെ അഞ്ചിന് പൂജവയ്പും വിദ്യാരംഭവും നടക്കും.

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.45 ന് ചലച്ചിത്രതാരം ബാലചന്ദ്ര മേനോൻ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. എല്ലാ ദിവസവും വൈകിട്ട് 8 മണി മുതൽ കലാപരിപാടികൾ നടക്കും.

ഒക്ടോബർ 4ന് അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അദ്ദേഹതിന്റെ ശിഷ്യന്മാരായ ഡോ. ശ്രീനാഥ്കാരയാട്ടും 40 ൽ പരം വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മഹാ ചണ്ഡികാഹോമം നടക്കും.

ഒക്ടോബർ 5 ന് രാവിലെ 8.05 മുതൽ ജസ്റ്റിസ്. തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ്. പി .എൻ രവീന്ദ്രൻ, ഋഷിരാജ്‌സിംഗ്, വിജി തമ്പി, രഞ്ജി പണിക്കർ, ശ്രീകുമാരി രാമചന്ദ്രൻ, നടൻ ജയസൂര്യ, ഡോ.ആർ. പത്മകുമാർ, മധു ബാലകൃഷ്ണൻ, ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.

എറണാകുളം ശിവക്ഷേത്രം

എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് ആറിന് കലാമണ്ഡലം ക്ഷേമാവധി ഉദ്ഘാടനം ചെയ്യും. മഹാനവമി ദിവസം എറണാകുളം ഗൗരിശങ്കര വിദ്യാകലാലയത്തിലെ കുട്ടികളുടെ സോപാന സംഗീതവും വിജയദശമി നാളിൽ രാവിലെ ഏഴിന് ആർ.എൽ.വി ഷാലിന്റെ പ്രമാണത്തിൽ ശിഷ്യന്മാർ അവതരിപ്പിക്കുന്ന പഞ്ചാരി മേളവും നടക്കും.

കടവന്ത്ര ദേവീക്ഷേത്രം

നവരാത്രി ആഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദിവസവും ദീപാരാധനയ്ക്ക് ശേഷം സംഗീത നൃത്തപരിപാടികൾ നടക്കും. ഒക്ട്ബോർ മൂന്നിന് വൈകിട്ട് അഞ്ചിന് പൂജവയ്പ്. അഞ്ചിന് രാവിലെ വിദ്യാവിജയ പൂജകൾ, പൂജയെടുപ്പ്, ആയുധ പൂജ, വാഹനപൂ‌ജ, വിദ്യാരംഭം, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

വളഞ്ഞമ്പലം ദേവീക്ഷേത്രം

ദിവസവും രാവിലെ ദേവീമാഹാത്മ്യ പാരായണം, ശിവാനന്ദലഹരി തുടങ്ങിയവയും വൈകിട്ട് സംഗീത നൃത്ത പരിപാടികളും നടക്കും. ഒക്ടോബർ മൂന്നിന് വൈകിട്ട് ആറിന് പൂജവയ്പും അഞ്ചിന് രാവിലെ 7.30ന് പൂജയെടുപ്പും ശേഷം വിദ്യാരംഭവും നടക്കും.

അഞ്ചുമന ക്ഷേത്രം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ദേവിഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ഒക്ടോബ‌ർ രണ്ടിന് യജ്ഞ സമാപനം. അന്ന് വൈകിട്ട് 6.30ന് പൂജവയ്പ്. നവമി ദിനത്തിൽ രാവിലെ മുതൽ സംഗീതോത്സവം, അഞ്ചിന് രാവിലെ 8.30ന് പൂജയെടുപ്പ്. ശേഷം സമൂഹ വിദ്യാരംഭം.

വൈറ്റില പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രം

ദിവസവും വിശേഷാൽ പൂജകളും വൈകിട്ട് കലാപരിപാടികളും നടക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് അഞ്ചിന് പൂജവയ്പ്, അഞ്ചിന് രാവിലെ 8.15 മുതൽ പൂജയെടുപ്പും വിദ്യാരംഭവും.

വെണ്ണല മാരാത്ത് ദേവീക്ഷേത്രം

ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം ആരംഭിച്ചു.

തച്ചമ്പുഴ ബാലഭദ്ര ദേവീക്ഷേത്രം

നവരാത്രി ആഘോഷം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ മൂന്നിന് പൂജവയ്പ്. മഹാനവമി ദിനത്തിൽ നവകുമാരി പൂജ, ഏഴിന് ആയുധ പൂജ, മഹാലക്ഷ്മി പൂജ, അഞ്ചിന് രാവിലെ വിദ്യാരംഭം. വൈകിട്ട് ഭജന.