കൊച്ചി: കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പും ജനപ്രതിനിധികൾ നടത്തിയ ഇടപെടലുകളും തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശയങ്ങളിലൂടെ പകർന്ന് നൽകി സിവിൽ സർവീസ് പരിശീലകനായ ജനപ്രതിനിധി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജാണ് തന്റെ കൊവിഡ് കാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത്. ഹ്രസ്വ ചിത്രങ്ങളും സ്ളൈയിഡുകളും ഉൾപ്പെടുത്തിയുള്ള ലൈവ് സെഷനിലൂടെയായിരുന്നു ക്ളാസ്. കൊവിഡ് കാലത്ത് കൺട്രോൾ റൂമുകൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ, ആശുപത്രി കിടക്കകൾ തുടങ്ങിയവയുടെ ഫോട്ടോകൾ വിദ്യാർത്ഥികളെ കാണിച്ചുകൊണ്ട് പഠനം രസകരമാക്കി, ഭയാനകമായ സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികൾ സ്വീകരിച്ച നടപടികളും ജൂബിൾ വിശദീകരിച്ചു. ശിശുമരണനിരക്കും യുവാക്കളും ഗർഭിണികളും തമ്മിലുള്ള മരണനിരക്കും കേരളത്തിൽ ഏ​റ്റവും താഴ്ന്നത് എങ്ങനെയെന്നതിന്റെ വിശദാംശങ്ങളും പങ്കുവെച്ചു.