പറവൂർ: പറവൂർ നഗരത്തിലെത്തുന്ന പൊതുജനം ശൗചാലയം ഇല്ലാതെ വലയുന്നു. പല സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമടക്കം ശൗചാലയങ്ങളില്ല.

ദിനംപ്രതി നിരവധി പേർ വന്നുപോകുന്ന ട്രഷറി, താലൂക്ക് ഓഫീസ്, കോടതി, രജിസ്ട്രേഷൻ ഓഫീസ് ഉൾപ്പെടെ കോടതി വളപ്പിലെ സ്ഥാപനങ്ങളിലും കെ.എസ്.ഇ.ബി ഓഫീസ്, സംസ്ഥാന ചരക്ക് സേവന നികുതി കാര്യാലയം എന്നിവിടങ്ങളിലെയും പൊതു ടോയ്ലറ്റിന്റെ അഭാവമാണ് ജനത്തെ ദുരിതത്തിലാക്കുന്നത്.

നഗരത്തിലെ വലിയ പൊതുമേഖലാ ബാങ്ക് ബ്രാഞ്ചിലും സ്ഥിതി സമാനം തന്നെ.

മിനി സിവിൽ സ്റ്റേഷൻ പോലുള്ള ചിലയിടങ്ങളിൽ പൊതുശൗചാലയങ്ങളുണ്ടെങ്കിലും കൃത്യമായ ദിശാബോർഡുകൾ ഇല്ലാത്തതിനാൽ തേടിപ്പിടിക്കാൻ ജനം ബുദ്ധിമുട്ടുന്നുണ്ട്. പറവൂർ നഗരസഭയുടെ കീഴിലെ ഷോപ്പിംഗ് കോംപ്ളക്സുകളിലെ ശൗചാലയങ്ങളുടെ അവസ്ഥയാകട്ടെ വളരെ പരിതാപകരവും. സ്വകാര്യ ബിൽഡിംഗുകളിലെ ശൗചാലയങ്ങൾ ജീവനക്കാർക്ക് ഉപയോഗത്തിന് മാത്രമായി താഴിട്ട് പൂട്ടിയ നിലയിലാണ്.

നഗരത്തിലെത്തുന്ന സ്ത്രീകളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ആർത്തവകാലത്തെ സാനിറ്ററി നാപ്കിൻ മാറ്റുന്നതിനും മറ്റും ശൗചാലയങ്ങളില്ലാതെ സ്ത്രീ യാത്രികർ കഷ്ടപ്പെടുകയാണ്. പറവൂർ ബസ് സ്റ്റാൻഡിൽ മാത്രമാണ് പൊതുശൗചാലയമുള്ളത്. നഗരയാത്രികർക്ക് ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ എന്നിവയാണ് ആശ്രയകേന്ദ്രം. അടിയന്തരമായി പറവൂരിൽ പൊതു ശൗചാലയം നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കാരുണ്യ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

ഇ- ടോയ്ലറ്റും ഉപയോഗശൂന്യം

പത്ത് വർഷത്തിന് മുമ്പ് മുൻ എം.പി ചാൾസ് ഡയസിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ മുടക്കി നമ്പൂരിയച്ചൻ ആലിന് സമീപം കെ.ആർ.വിജയൻ ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിൽ സ്ഥാപിച്ച ഇ- ടോയ്ലറ്റ് അധിക ദിവസം പ്രവർത്തിച്ചില്ല. ഒരു രൂപ നാണയമിട്ട് ഉപയോഗിക്കുന്ന സംവിധാനമായിരുന്നു. ഇ-ടോയ്ലറ്റിന് അകത്ത് കയറിയവർ കുടുങ്ങിപ്പോയ സാഹചര്യം വരെയുണ്ടായി. ഇതോടെ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാത്തവിധം തുരുമ്പെടുത്തു. നഗരസഭ പൊളിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായി. ഓഡിറ്റ് ഓബ്ജക്ഷൻ നീങ്ങിയ സാഹചര്യത്തിൽ പൊളിച്ചുമാറ്റാൻ ലേല നടപടികൾ സ്വീകരിച്ചുവരികയാണ് നഗരസഭ.