
തൃക്കാക്കര: വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ നഗരസഭയുടെ തീരുമാനം വിവാദത്തിൽ. വനിതകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെയാണ് നഗരസഭാ ഈ സ്ഥലവും കെട്ടിടവും കേന്ദ്രീയ വിദ്യാലയത്തിനായി താത്കാലികമായി വിട്ടുകൊടുക്കാനൊരുങ്ങുന്നത്.
സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി നൂറുകണക്കിന് അപേക്ഷകരുള്ളപ്പോഴാണ് നഗരസഭയുടെ നടപടി. തയ്യൽ യുണിറ്റ് തുടങ്ങുന്നതിനായി മാത്രം 100 അപേക്ഷകളാണ് നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ കുടുംബശ്രീ വനിതകൾക്കായി സമഗ്ര പദ്ധതി മൂന്ന് വർഷം മുമ്പ് സമർപ്പിച്ചിരുന്നു. ഒരു വാർഡ് അടിസ്ഥാനത്തിൽ തൊഴിൽ സഭകൾ വഴി കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന സർക്കാർ നീക്കത്തിനും നഗരസഭയുടെ തീരുമാനം തിരിച്ചടിയാവുകയാണ്.
കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് തെങ്ങോട് പഴങ്ങാട്ടുചാൽ പാടശേഖരമാണ് കണ്ടെത്തിയത്. വിദ്യാലയത്തിന് നാലേക്കർ പാടശേഖരം നികത്താൻ നഗരസഭാ നാല് കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പാടശേഖരങ്ങൾ നികത്തിയാൽ തെങ്ങോട്, നവോദയ തുടങ്ങിയ തൃക്കാക്കരയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് വാർഡ് കൗൺസിലർ അടക്കമുളളവർ കൗൺസിൽ യോഗത്തിൽ ഉൾപ്പടെ നിലപാട് സ്വീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കാക്കനാട് എൽ.പി സ്കൂൾ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് വിട്ടുകൊടുക്കാൻ നീക്കം നടന്നെകിലും സ്കൂൾ പി.ടി.എ ശക്തമായി രംഗത്ത് വന്നതോടെ ഈ നീക്കം അവസാനിപ്പിച്ചു. കൂടാതെ വനിതാ വ്യവസായ കേന്ദ്രത്തിൽ കേന്ദ്രീയ വിദ്യാലയം തുടങ്ങണമെങ്കിൽ 2 കോടി മുടക്കി നവീകരിക്കേണ്ടതുണ്ട്.