1

മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരു ദിവസത്തെ വാടകയ്ക്കെന്ന് പറഞ്ഞ് കൈക്കലാക്കിയശേഷം തമിഴ്നാട്ടിൽ പണയംവച്ച റൗഫ് ഇസഹാക്ക് (പാപ്പി)​ അറസ്റ്റിൽ.​ മട്ടാഞ്ചേരി സ്വദേശിയായ ഇയാൾ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് അന്യ സംസ്ഥാനങ്ങളിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇതേ കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ വാഹനം സഹിതം ഏഴ് മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞ റൗഫ് ഇസഹാക്കിനെ മട്ടാഞ്ചേരി പൊലീസ്‌ അസിസ്റ്റന്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി എസ്.എച്ച്.ഒ തൃദീപ് ചന്ദ്രന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. എസ്.ഐ എം.പി.അലക്സ് മധുസൂദനൻ, സീനിയർ സി.പി.ഒ വി.എ.എഡ്വിൻ റോസ്, സി.പി.ഒ കെ.എ.അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.