മൂവാറ്റുപുഴ : മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മൂവാറ്റുപുഴ കോർമലയിലെ ജലസംഭരണിയുടെ സുരക്ഷ സംബന്ധിച്ച് അടുത്തമാസം അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. മൂവാറ്റുപുഴ നഗരവികസന പദ്ധതി, മുറിക്കൽ ബൈപ്പാസ് നിർമ്മാണം എന്നിവയ്ക്കായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മുറിക്കൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബേസിക്ക് വാല്യു റിപ്പോർട്ട് ഒക്ടോബർ 31 നകം സമർപ്പിക്കുമെന്നും റവന്യു റിക്കവറി പാക്കേജിനുള്ള അനുമതി നവംബർ 15നകം ലഭ്യമാക്കുമെന്നും വകുപ്പ് അറിയിച്ചു. പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദേശീയപാത 85 ലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു. കൊവിഡിനുശേഷം മൂവാറ്റുപുഴ-കായനാട്-രാമമംഗലം-പിറവം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെന്ന വിഷയവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകി. മൂവാറ്റുപുഴ ചെക്ക് ഡാമിന് റെഗുലേറ്റർ സ്ഥാപിക്കുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.