കുറുപ്പംപടി : പെരുമ്പാവൂർ ശ്രീ സ്വാമിഗുരുകുലം ട്രസ്റ്റിന്റെ സാംസ്കാരിക വിഭാഗമായ ശ്രീ മുദ്രകലാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്ന ആയുർ നടനം 2022 കലാ,​ വൈദ്യശാസ്ത്ര രംഗങ്ങളിലുള്ളവർക്ക് വേറിട്ട അനുഭവമായി. ഫൈബ്രോ മയാൾജിയയും മുട്ടുവേദന,​ നടുവേദന,​ ഉപ്പൂറ്റി വേദന,​ ഡിസ്ക് ബൾജിംഗ് മുതലായ കാരണം കലാജീവിതം ഉപേക്ഷിച്ച കലാകാരികൾ ശ്രീ സ്വാമിവൈദ്യ ഗുരുകുലത്തിലെ ചികിത്സയിൽ സുഖപ്പെടുകയും കലാരംഗത്തേക്ക് തിരിച്ചുവരുകയും ചെയ്യുന്ന രണ്ടാം അരങ്ങേറ്റമായിരുന്നു ആയുർ നടനത്തിന്റെ പ്രധാന സവിശേഷത. പ്രശസ്ത കാർഡിയോ വാസ്കുലർ സർജനും ഇ.ഇ.സി.പി ചികിത്സയിൽ ലോക പ്രശസ്തനുമായ ഡോക്ടർ ഗോപാലകൃഷ്ണൻ എ.പിള്ളയും സഹധർമ്മിണി സ്വെറ്റ്ലാന പിള്ളയും ചേർന്ന് ഭദ്രദീപം കൊളുത്തി ആയുർനടനം ഉദ്ഘാടനം ചെയ്തു. ശ്രീ സ്വാമി ഗുരുക്കൾ,​ ഡോ. അഭിലാഷ് ,​വി.ആർ.നാഥ്,​ ദീപ്തി സദാശിവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മുപ്പതോളം കലാകാരികളുടെ രണ്ടാം അരങ്ങേറ്റം നടന്നു. രണ്ടാം അരങ്ങേറ്റം നടത്തിയ കലാപ്രതിഭകൾക്ക് പ്രസിദ്ധ നർത്തകി സൂപ്പർ ഡാൻസർ ഫെയിം സ്വർണ്ണ തോമസ്,​ ഊർമ്മിള ഉണ്ണി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തെ കുറിച്ചുള്ള അനുഭവവും അറിവും പങ്കുവയ്ക്കുന്ന രോഗം അവസാനം അല്ല എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പ്രശസ്ത നർത്തകി ചിത്രസുകുമാരൻ യുവ എഴുത്തുകാരി ഫൗസിയ കളപ്പാട്ടിന് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റിന്റെ വിഷ്വൽ മീഡിയ സംരംഭമായ അഗസ്ത്യ പിക്സിന്റെ സ്വിച്ച് ഓൺ കർമ്മം നവ എഴുത്തുകാരി ലക്ഷ്മിദൂത നിർവഹിച്ചു. കലാ,​സാംസ്കാരിക,​ സാമൂഹ്യ,​ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.