കോലഞ്ചേരി: പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മുഴുവൻ വളർത്തു നായ്ക്കൾക്കും റാബീസ് വാക്‌സിൻ നൽകാനൊരുങ്ങി പുത്തൻകുരിശ് പഞ്ചായത്ത്. വാക്‌സിൻ യജ്ഞത്തിന് ഇന്ന് തുടക്കമാകും. പുത്തൻകുരിശ് മൃഗാശുപത്രിയുമായി ചേർന്ന് നാല് ദിവസം നീണ്ടുനിൽക്കുന്ന സഞ്ചരിക്കുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ 9.30ന് ബ്രഹ്മപുരം ഗ്രാമീണ വായനശാലയ്ക്ക് സമീപം നിന്ന് ആരംഭിച്ച് ബ്രഹ്മപുരം, കരിമുകൾ, ഏ​റ്റിക്കര ഭാഗങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യും. നാളെ ഡോൺ സ്‌കൂൾ അങ്കണവാടി പരിസരം, കുഴിക്കാട്, അമ്പലമേട്, വാരിക്കോലി, ചാലിക്കര, പുലിയാമ്പിള്ളിമുകൾ എന്നിവിടങ്ങളിലും വ്യാഴാഴ്ച കാണിനാട്, കു​റ്റ, വടവുകോട് ഭാഗങ്ങളിലുമാണ് വാക്‌സിൻ വിതരണം. അവസാന ദിവസമായ ഒക്ടോബർ ഒന്നിന് പു​റ്റുമാനൂർ, വേളൂർ, പീച്ചിങ്ങാച്ചിറ, വടയമ്പാത്തുമല, പന്നിക്കുഴി ഭാഗങ്ങളിലും ക്യാമ്പ് നടത്തും. മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ളതും രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ള വളർത്തു നായ്ക്കൾക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. ഒരു നായ്ക്ക് 30 രൂപ ഈടാക്കും സർട്ടിഫിക്ക​റ്റും നൽകും. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9745055277, 9447728055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വാക്‌സിൻ നൽകാത്ത നായ്ക്കളെ വളർത്തുന്നതും അലഞ്ഞു തിരിയാൻ അനുവദിക്കുന്നതും ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.