
ചോറ്റാനിക്കര: മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കരയിലെ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന ഞാൽപ്ലാക്കിൽ ഷെവലിയാർ എൻ.വി. ബേബിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത് വാർഷികവും നടന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
അമ്പാടിമല കമ്മ്യൂണിറ്റി ഹാളി നടന്ന ചടങ്ങിൽ മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്‌റ്റ് പ്രസിഡന്റ് സി.ടി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ തോമസ് സംസാരിച്ചു. ഏലിയാസ് മത്തായി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമ മെത്രാൻ ബേബി മെമ്മോറിയൽ സംസ്ഥാനതല ഓപ്പൺ ചെസ് ടൂർണമെന്റിൽ മുഹമ്മദ് ഫസൽ ചാമ്പ്യനായി. രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ യഥാക്രമം അബ്ദുൾ ഖാദർ, അബ്ദുൾ സലാം, ശ്രേയസ് പയ്യപ്പാട്ട് എന്നിവർ കരസ്ഥമാക്കി. ട്രോഫിയും കാഷ്അവാർഡും മുഹമ്മദ് ഷിയാസ് നൽകി.
പിറവം ബി.പി.സി.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ജി.സക്കറിയ, അഡ്വ.റീസ് പുത്തൻവീട്ടിൽ, വേണു മുളംന്തുരുത്തി എന്നിവർ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവർ, അമ്പാടിമലയിലെ ആശ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. ഒരുമാസം ആയിരം രൂപ വീതം ഒരുവർഷത്തേക്ക് 6 പേർക്കുള്ള പെൻഷൻ വിതരണം മെത്രാൻ ബേബി യുടെ ഭാര്യ അല്ലി ബേബി നൽകി. എൽദോ ടോം പോൾ, ജൂലിയറ്റ് ടി.ബേബി, അജി കെ.കെ., ഷിൽജി രവി, സന്തോഷ് തൂമ്പുങ്കൽ, ഷിജു കുര്യാക്കോസ്, ജിജി പോൾ എന്നിവർ സംസാരിച്ചു.