
ആലുവ: വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സംരംഭക (എം.എസ്.എം.ഇ) മന്ത്രാലയത്തിന്റെയും തൃശൂർ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ഫെസിലിറ്റേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിലെ സംരംഭകത്വ ശില്പശാല എടത്തല അൽ അമീൻ കോളെജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതു തലമുറ നൂതന സംരംഭങ്ങളുമായി മുന്നോട്ടുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ആറുമാസത്തിനകം 60,000 സംരംഭങ്ങൾ തുടങ്ങി. മെയ്ഡ് ഇൻ കേരള, എം.എസ്.എം.ഇ ക്ലിനിക്കുകൾ എന്നിവ സംരംഭകരംഗത്ത് ഏറെ പ്രയോജനം ചെയ്യും. ശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ വ്യവസായ ഉത്പാദന മേഖലയിലേക്ക് വഴിതിരിച്ചുവിട്ട് മാനവരാശിക്ക് സഹായകമാക്കുക എന്നതാണ് ലക്ഷ്യം. പെറ്റ് ബ്യൂട്ടിപാർലർ, പെറ്റ് ബോർഡിംഗ് തുടങ്ങി നൂതന ആശയങ്ങളും മന്ത്രി പങ്കുവച്ചു.
തൃശൂർ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ സെന്റർ ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, അസി.ഡയറക്ടർ ആൻഡ് പ്രോഗ്രാം കോ ഓർഡിനേറ്റർ യു.സി.ലച്ചിതാ മോൾ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, അൽ അമീൻ കോളേജ് മാനേജർ ഡോ.ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ.സിനി കുര്യൻ, നിഷ ജോസഫ്, ഡോ.എൻ.കല, സുദീപ് സെബാസ്റ്റ്യൻ, ജിയോ ജോസ്, പി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.