ആലുവ: ഇടപ്പള്ളി - പുക്കാട്ടുപാടി സംസ്ഥാനപാതയിലെ ഏറ്റവും തിരക്കേറിയ തേവക്കൽ കവല വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. രാവിലെയും വൈകിട്ടും ഇവിടെ കാൽനട യാത്രപോലും ദുസഹമാണ്. അത്രയേറെ തിരക്കായിട്ടും അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
രാവിലെയും വൈകിട്ടും വാഹനങ്ങൾ തേവക്കൽ കവല കടക്കണമെങ്കിൽ ഏറെ സമയം വേണം. സമീപത്തെ മൂന്ന് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന തേവക്കൽ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നെത്താൻപോലും കഴിയാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കാനും ഏറെനേരം കാത്തുനിൽക്കണം. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗ്രാഫിക് പൊലീസിനെ നിയോഗിക്കാൻപോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ആലുവ നിയമസഭ മണ്ഡലത്തിന്റെയും കളമശേരി മണ്ഡലത്തിന്റെയും അതിർത്തി പ്രദേശമായതിനാൽ ഇരു മണ്ഡലത്തിലെയും ജനപ്രതിനിധികൾ തേവക്കൽ കവല വികസനത്തിന് താത്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
തേവക്കൽ കവല വികസനത്തിന് സർക്കാർ മുൻകൈയെടുക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും യുവമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ പറഞ്ഞു.