കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു. ധൂളി ചിത്രകാരൻ പുരളിപ്പുറം നാരായണൻ നമ്പൂതിരി 9 ദിവസങ്ങളിലായി ഒരുക്കുന്ന നവദുർഗാ പത്മങ്ങളിൽ ആദ്യ ദിനത്തിലെ ശൈലീപുത്രീ ഭാവരൂപേണയുള്ള കളത്തിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായൺ നമ്പൂരിപ്പാടിന്റെയും മേൽശാന്തി ഏഴിക്കോട് കൃഷണദാസ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ പൂജാധികർമ്മങ്ങളോടെയാണ് നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്.

കലാ സാംസ്‌കാരിക പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ബാലചന്ദ്ര മേനോൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് കെ.എൻ. സതീഷ്, സെക്രട്ടറി പി.വി. അതികായൻ, ട്രഷറർ ശ്രീകുമാർ എ. പിള്ള തുടങ്ങിയവർ പങ്കെടുത്തു.

ഒമ്പത് ദിവസവും പ്രഗത്ഭരായ ആചാര്യന്മാരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഒക്ടോബർ 4ന് താന്ത്രികാചാര്യൻ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിഷ്യൻ ഡോ. ശ്രീനാഥ് കാരയാട്ടും 40 പേരും പങ്കെടുക്കുന്ന മഹാചണ്ഡികാഹോമം നടക്കും.

ഒക്ടോബർ 5ന് രാവിലെ 8.05 മുതൽ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എൻ രവീന്ദ്രൻ, ഋഷിരാജ്‌സിംഗ്, വിജി തമ്പി, രഞ്ജി പണിക്കർ, ശ്രീകുമാരി രാമചന്ദ്രൻ, നടൻ ജയസൂര്യ, ഡോ. ആർ. പത്മകുമാർ, ഗായകൻ മധു ബാലകൃഷ്ണൻ, ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവർ വിദ്യാരംഭം കുറിക്കും.
27ന് രാമാനന്ദ്, 28ന് ആചാര്യ പ്രവീൺ പാലക്കോൽ, 29ന് പ്രൊഫ. ശ്രുതി ശ്യാം, 30ന് ഡോ.എം.എം.ബഷീർ, ഒക്ടോബർ ഒന്നിന് ഡോ. ലക്ഷ്മി ശങ്കർ, 2ന് വിദ്യാസാഗർ ഗുരുമൂർത്തി, 3ന് സ്വാമി ആദ്ധ്യാത്മാനന്ദ എന്നിവർ രാത്രി 7ന് പ്രഭാഷണം നടത്തും.