കോട്ടയ്ക്കൽ: കൊച്ചി ഇടപ്പള്ളി മിൽമ യൂണിറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ കൊല്ലം സ്വദേശിയും ഇപ്പോൾ എറണാകുളം വൈറ്റില മരട് സെന്റ് തോമസ് പള്ളിക്ക് സമീപം താമസക്കാരനുമായ ബിനു ജോൺ ഡാനിയലിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് 10 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ പേരിൽ എറണാകുളം, കൊല്ലം, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ പരാതികൾ ഉള്ളതായി അറിയുന്നു.
ലൂക്ക് മൗണ്ട് ഇന്റർനാഷണൽ എന്ന സ്ഥാപനം നടത്തിപ്പ് വഴി എൻട്രൻസ് പരിശീലനത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതിന് പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളത്ത് നിന്നാണ് ഇയാളെ കോട്ടയ്ക്കൽ എസ്.എച്ച്.ഒ. എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മനുഷ്യവകാശ, നിയമ സംഘടനകളിൽ അംഗത്വമെടുത്ത് ഭാരവാഹിയായി ഇതിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട് .