കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകൾ ആരംഭിച്ചു. പൂജവയ്‌പ്പ് ഒക്ടോബർ 2ന് വൈകിട്ട് 5ന് ആരംഭിക്കും. വിശേഷാൽ പൂജകളും വിദ്യാവിജയപ്രദ പൂജകളും നിറമാല ചുറ്റുവിളക്കും മീരാ കൃഷ്ണയുടെ ഭരതനാട്യവും നടക്കും. സുധാകരൻ എടനാടും സംഘവും ഭക്തിഗാനസുധയും അവതരിപ്പിക്കും.
രണ്ടാംദിവസം വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് സംഗം കലാ ഗ്രൂപ്പ് കൊച്ചിയുടെ തിരുവാതിര കളിയും ഗാനമേളയും മൂന്നാംദിവസം വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് ബാലജനയോഗത്തിന്റെ കുട്ടി തിരുവാതിര കളിയും ഗാനാലാപനങ്ങളും നൃത്തങ്ങളും തെക്കേ അമ്മൻകോവിൽ തിരുവാതിരസംഘത്തിന്റെ തിരുവാതിര കളിയും ശ്രീമൂകാംബിക കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളുമുണ്ടാകും.
വിജയദശമി ദിവസം രാവിലെ വിശേഷാൽ പൂജകൾക്കുശേഷം 7.15ന് എഴുത്തിനിരുത്തൽ ആരംഭിക്കും. കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെയും മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ ആചാര്യന്മാരാണ് കരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്നത്.
വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകും. വൈകിട്ട് ഗൗരി ഷൈനും ശ്രീപ്രിയയും അവതരിപ്പിക്കുന്ന നൃത്യങ്ങളും തുടർന്ന് വീണാ വിദഗ്ദ്ധ ചിത്രാ സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന വീണക്കച്ചേരിയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.