ബി.ജെ.പി അദ്ധ്യക്ഷസ്ഥാനം നിലനിറുത്തി
കൊച്ചി: ബി.ജെ.പി അംഗവും കോർപ്പറേഷനിലെ നികുതി അപ്പീൽ സ്ഥിരംസമിതി അദ്ധ്യക്ഷയുമായ പ്രിയ പ്രശാന്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. എൽ.ഡി.എഫ്., ബി.ജെ.പി കൗൺസിലർമാർ ചർച്ചയിൽ നിന്നുവിട്ടുനിന്നു. യു.ഡി.എഫിന്റെ നാല് കൗൺസിലർമാരും പങ്കെടുത്തെങ്കിലും ക്വാറം തികയാത്തതിനാൽ യോഗം പിരിച്ചുവിടുന്നതായി അദ്ധ്യക്ഷയായ കളക്ടർ ഡോ. രേണുരാജ് പ്രഖ്യാപിക്കുകയായിരുന്നു.
നികുതി അപ്പീൽ കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ സോണി ജോസഫ്, ശാന്ത വിജയൻ, മിനി വിവേര, മാലിനി കുറുപ്പ് എന്നിവരാണ് ചെയർമാനായ ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 9 അംഗ കമ്മിറ്റിയിൽ നിലവിൽ യു.ഡി.എഫ്- 4, എൽ.ഡി.എഫ്- 3, ബി.ജെ.പി- 2 എന്നിങ്ങനെയാണ് കക്ഷി നില.
അഞ്ചംഗങ്ങൾ ഹാജരായാൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള ക്വാറം തികയൂ. അവിശ്വാസം പാസാകണമെങ്കിലും അഞ്ചംഗങ്ങളുടെ പിന്തുണവേണം.
ഇന്നലെ എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നത് ബി.ജെ.പിക്ക് അനുഗ്രഹമായി. കമ്മിറ്റിയിൽ അദ്ധ്യക്ഷസ്ഥാനം നിലനിറുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഇതോടെ കോർപ്പറേഷനിലെ എൽ.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതായി യു.ഡി.എഫ് ആരോപിച്ചു.
ഇനിയും വരും അവിശ്വാസം
നികുതികാര്യ സമിതിക്കു പുറമെ എൽ.ഡി.എഫിന്റെ കൈവശമുള്ള വിദ്യാഭ്യാസ സ്ഥിരംസമിതിക്കെതിരെയും അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും നാലു വീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.
അവിശ്വാസം കൊണ്ടുവന്നാൽ നറുക്കെടുപ്പിനുള്ള സാദ്ധ്യത തെളിയും. ബി.ജെ.പി സി.പി.എമ്മിനെ പിന്തുണയ്ക്കാതിരിക്കുകയും ഭാഗ്യം ഒപ്പം നിൽക്കുകയും ചെയ്താൽ ചെയർമാൻ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. എന്നാൽ,
നികുതികാര്യ സമിതിയിലെ പരാജയം യു.ഡി.എഫിന് തിരിച്ചടിയായി.