palam
തകർന്നുകിടക്കുന്ന തമ്മാനിമറ്റം തൂക്കുപാലം

കോലഞ്ചേരി: കുന്നത്തുനാട്, പിറവം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന തമ്മാനിമ​റ്റം തൂക്കുപാലം തകർന്നിട്ട് വർഷം മൂന്നായി. പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർനിർമിക്കുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റായതോടെ പാലം വൈകാതെ പുനർനിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇവിടെ പാലംവന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തുസർവീസ് നിലച്ചിരുന്നു. ഇപ്പോൾ പാലവും കടത്തുമില്ലാതെ വലയുകയാണ് ഇവിടത്തുകാർ. പാലം നിർമ്മിച്ചപ്പോൾത്തന്നെ തൂണിന് ചെറിയ ചരിവുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്തിനും ഏതിനും ഇവിടത്തുകാർ കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആണ് ആശ്രയിക്കുന്നത്. ഒരു യാത്ര പോകണമെങ്കിൽക്കൂടി തമ്മാനിമ​റ്റത്തുകാർ വിഷമിക്കുകയാണ്. എങ്ങോട്ടുപോയാലും മൂന്നും നാലും കിലോമീ​റ്റർ സഞ്ചരിച്ചതിനുശേഷമേ യാത്ര തുടരാനാകൂ. എന്നാൽ പാലം വന്നതോടെ ഈ ദുരിതത്തിന് അൽപ്പം ശമനമായിരുന്നു. എന്നാൽ അത് ഇല്ലാതായിട്ട് ഇപ്പോൾ മുപ്പത്തിയാറ് മാസത്തോളമായി.

* തൂക്കുപാലം പിഴുതെടുത്തത് പ്രളയം

രാമമഗംലം, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് തമ്മാനിമ​റ്റം കടവിൽ പാലം പൂർത്തിയായത് 2013ലാണ്. അടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. പുഴയിലൂടെ ഒഴുകിവന്ന കൂ​റ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്. പാലം നിർമിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് പാലം സഞ്ചാരയോഗ്യമാക്കി. എന്നാൽ 2018ലെ പ്രളയം പാലം പിഴുതെടുക്കുകയായിരുന്നു. പാലത്തിന്റെ തമ്മാനിമ​റ്റം കരയിലെ തൂണ് തകർന്നാണ് തൂക്കുപാലം ഛിന്നഭിന്നമായത്.

ഡിസാസ്​റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നാണ് തൂക്കു പാലം പണിയാൻ ആദ്യം തുക അനുവദിച്ചത്. ആദ്യ പ്രളയത്തിൽ പാലം തകർന്നപ്പോൾ ഈ ഫണ്ടിൽനിന്ന് തുകയനുവദിച്ചാണ് അ​റ്റകു​റ്റപ്പണി പൂർത്തിയാക്കിയത്. രണ്ടാം പ്രളയത്തിൽ തകർന്നതോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിനായി ശ്രമിച്ചിരുന്നു, എന്നാൽ ലഭിച്ചില്ല. തുടർന്ന് റീബിൽഡ് കേരള പദ്ധതിയിൽ പുനർനിർമ്മാണതുക അനുവദിക്കുമെന്നറിയച്ചതിനെത്തുടർന്ന് തൂക്കുപാലം പുനർ നിർമ്മിക്കാൻ എസ്​റ്റിമേ​റ്റെടുത്ത് സമർപ്പിച്ചു. അതുവഴി 2.19 കോടി രൂപ അനുവദിച്ചു. എന്നാൽ പുനർനിർമ്മാണത്തിന് തുക അപര്യാപ്തമാണെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ റിവൈസ് എസ്റ്റിമേറ്റിന് ശ്രമം തുടങ്ങി.

* 5.03 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റായി

തൂക്കുപാലം പുനർനിർമ്മിക്കാൻ 5.03 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റായതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എൻജിനിയർ ഇതു സംബന്ധിച്ച ഫയൽ സർക്കാരിന് കൈമാറി. നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല എൽ.എസ്.ജി.ഡിക്കാണ്. ഇരുപഞ്ചായത്തിലെയും കാൽനടയാത്രക്കാർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്.

167.75 മീ​റ്റർ നീളത്തിലാണ് നിർമ്മാണം. തമ്മാനിമ​റ്റം കടവിലെ ടൂറിസം സാദ്ധ്യതകൾക്കും തൂക്കുപാലം പുനർനിർമ്മിക്കുന്നതിലൂടെ പുത്തൻപ്രതീക്ഷ നൽകും. തുക അനുവദിക്കുന്ന നടപടികൾ വൈകാതെ ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.