 
ആലുവ: തുരുത്തിലെ കാലപ്പഴക്കം ചെന്ന ഭൂഗർഭ കുടിവെള്ള പൈപ്പ് മാറ്റി കൂടുതൽ വ്യാസമുള്ള പുതിയ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി. നിരന്തരമായി പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുകയും റോഡുകൾ തകരുകയും ചെയ്തതിനെ തുടർന്ന് പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.
ഉസ്മാനിയ മുതൽ പാണ്ടിപ്പുഴവരെ ഒന്നരക്കിലോമീറ്റർ റോഡിന് മദ്ധ്യത്തിലൂടെ പോകുന്ന പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്.
വർഷങ്ങളായുള്ള ആവശ്യം തുരുത്ത് സമന്വയ ഗ്രാമവേദി ജലവിഭവ വകുപ്പ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നുമുള്ള നിർദ്ദേശപ്രകാരമാണ് പദ്ധതിക്കായി പണം അനുവദിച്ചത്. ഇതിനിടയിൽ കുടിവെള്ളപ്രശ്‌നം രൂക്ഷമായപ്പോൾ തുരുത്ത് പെരിയാർ റെസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സാമൂഹ്യ സംഘടനകളും പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്നാണ് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞദിവസംമുതൽ റോഡരികിലൂടെ പുതിയ പൈപ്പിടൽ ജോലി ആരംഭിച്ചു. ഈ ഭാഗത്ത് വിടുകളിൽ സൗജന്യ കുടിവെള്ള കണക്ഷനും ലഭ്യമാക്കുന്നുണ്ട്. കുടിവെള്ളക്ഷാമത്തിനും റോഡ് തകർച്ചയ്ക്കും ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.