മൂവാറ്റുപുഴ: മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ നിറവിൽ. 1972 ലാണ് മുളവൂർ പള്ളിയോട് ചേർന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസ രൂപം കൊള്ളുന്നത്. മുളവൂരിലെ ആദ്യ മദ്രസയാണിത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ഈ മദ്രസ അനേകായിരം വിദ്യാർത്ഥികൾക്കാണ് മതപഠനത്തിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയിട്ടുള്ളത്.
ഇന്ന് രാത്രി 8ന് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി.അബ്ദുൽ ഖാദർ മൗലവി നിർവഹിക്കും. മദ്രസ പ്രസിഡന്റ് എം.ഇ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. 29 ന് രാത്രി 8ന് ഹൃദയ വിശുദ്ധിയിലൂടെ സ്വർഗത്തിലേക്ക് എന്ന വിഷയത്തിൽ പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഷെമീസ് ഖാൻ നാഫിഈ പ്രഭാഷണം നടത്തും.
30 നും ഒക്ടോബർ ഒന്നിനും വൈകിട്ട് ഏഴുമുതൽ മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ. ഒക്ടോബർ രണ്ടിന് വൈകിട്ട് ഏഴിന് പൂർവവിദ്യാർത്ഥി സംഗമവും ലഹരിവിരുദ്ധ സെമിനാറും നടക്കും. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ സി.പി. ബഷീർ സെമിനാർ ഉദ്ഘാടനം ചെയ്യും.