bus-stand

ആലുവ: ആലുവയിലെ സ്വകാര്യ ബസ് ജീവനക്കാരിൽ ചിലർ ജോലിക്കിടയിൽ മാരക മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിഞ്ഞതോടെ യാത്രക്കാരുടെ ആശങ്കവർദ്ധിച്ചു. ഇന്നലെ സ്വകാര്യ ബസ് സ്റ്റാൻഡിൽവച്ച് ഡ്യൂട്ടിയിലുള്ള രണ്ട് തൊഴിലാളികളിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത് ഇതിന് തെളിവാണെന്നും യാത്രക്കാർ ആരോപിക്കുന്നു.

കൊവിഡാനന്തരമാണ് ലഹരിക്ക് അടിമകളായവർ വരെ ബസിലെ ജീവനക്കാരായി മാറിയത്. ഇത് മാന്യമായി തൊഴിലെടുത്ത് കുടുംബം പുലർത്തുന്ന തൊഴിലാളികൾക്കുവരെ അപമാനമായിരിക്കുകയാണ്. ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ മൂന്നുമാസം മുമ്പാണ് തൊഴിലാളി സംഘടനകൾതന്നെ പരസ്യമായി രംഗത്തെത്തിയത്. ഇതോടെ എക്സൈസ് സംഘം പരിശോധനയും പട്രോളിംഗും കർശനമാക്കിയപ്പോൾ സ്ഥലംവിട്ട ലഹരിമാഫിയ വീണ്ടും രംഗത്തെത്തിയതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

* ട്രിപ്പ് മുടക്കിക്കിടക്കുമ്പോൾ ലഹരിഇ‌ടപാടുകൾ

മാന്യമായി തൊഴിലെടുക്കുന്ന തൊഴിലാളികളിൽനിന്നുതന്നെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രണ്ടുപേരെ എക്സൈസ് സംഘം പൊക്കിയത്.

നിസാരകാര്യങ്ങൾക്കുവരെ യാത്രക്കാരുമായും ജീവനക്കാരുമായും ലഹരി ഉപഭോക്താക്കളായ സംഘം വഴക്കിടുന്നതും ബഹളമുണ്ടാക്കുന്നതും പതിവാണ്. ബസ് വ്യവസായം നഷ്ടമായതോടെ തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിലാണ് മയക്കുമരുന്ന് ഉപഭോക്താക്കൾക്കുവരെ അവസരം ലഭിച്ചത്. കൂടുതൽ നഷ്ടമുള്ള ട്രിപ്പുകൾ മുടക്കി സ്റ്റാൻഡിൽ വെറുതെകിടക്കുമ്പോഴാണ് ലഹരി ഇടപാടുകൾ കൂടുതൽ നടക്കുന്നത്.

ബസ് ജീവനക്കാർക്ക് മയക്കുമരുന്ന് നൽകുന്ന മാഫിയ സംഘങ്ങൾ സ്റ്റാൻഡിൽ തമ്പടിക്കുന്നത് യാത്രക്കാർക്കും സ്റ്റാൻഡിലെ വ്യാപാരികൾക്കും ഭീഷണിയാണ്. നഗരം ചുറ്റാതെ പെർമിറ്റ് തെറ്റിച്ച് ട്രിപ്പ് അവസാനിപ്പിക്കുന്നത് ചോദ്യംചെയ്യുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്താൻ ലഹരിക്കടിമകളായ തൊഴിലാളികൾക്കൊപ്പം വില്പനക്കാരും ചേരുന്നുണ്ട്.

ആലുവ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ തൊഴിലാളികളാണ് കൂടുതലായും പ്രശ്നങ്ങളിൽചെന്ന് ചാടുന്നതെന്നാണ് ആക്ഷേപം. പൊലീസ് - എക്സൈസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് സ്റ്റാൻഡിലെ വിവിധ തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമരത്തിനും നീക്കമുണ്ട്.