പറവൂർ: പാലത്തിന് സമീപം കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിച്ചു. ഈ പൈപ്പിലുണ്ടായ ചോർച്ചയെത്തുടർന്ന് കുഞ്ഞിത്തൈ, പാല്യത്തുരുത്ത് ഉൾപ്പെടെ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ വിവിധ വാർഡുകളിലെയും കുടിവെള്ളം ഏതാണ്ട് ഒരു മാസത്തോളമായി മുടങ്ങിയിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതൽ കുഞ്ഞിത്തൈ വാർഡുകളെ പ്രതിനിധികരിക്കുന്ന വടക്കേക്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി വർഗീസ് മാണിയാറ, പഞ്ചായത്ത് അംഗം അജിത ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പറവൂർ വാട്ടർ അതോറിറ്റിയിലെത്തി അസിസന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ സമരം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് വൈകിട്ട് ചോർച്ച താത്കാലികമായി പരിഹരിച്ചെങ്കിലും രാത്രി പമ്പിംഗ് തുടങ്ങിയ ഉടനെ വീണ്ടും ചോർച്ചയുണ്ടായി. ഇതോടെ കുടിവെളളം പൂർണമായി മുടങ്ങി. ചൊവ്വാഴ്ച ചോർച്ച കുറ്റമറ്റ രീതിയിൽ പരിഹരിച്ചു.