raji-santhosh
വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നിലനിൽക്കെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു.

പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനിടയ്ക്കാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.

വിളിച്ചറിയിച്ചിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ജനപ്രതിനിധികൾ വിളിക്കുമ്പോൾ കരാറുകാർ സമരത്തിലാണെന്ന് പറഞ്ഞ് ഫോൺകട്ടാക്കും. ചോർച്ച പരിഹരിക്കാത്തതിനാൽ റോഡിൽ വലിയ കുഴികളായി. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ്. തായിക്കാട്ടുകര, കുന്നുംപുറം ഉൾപ്പെടെ പഞ്ചായത്തിലെ പല ഭാഗങ്ങളിലും മർദ്ദമില്ലാത്തതിനാൽ വെള്ളം ലഭിക്കുന്നില്ല.

കാർമ്മൽ മനക്കപ്പടി റോഡ്, മാന്ത്രക്കൽ ജംഗ്ഷൻ, ദാറുസലാം, പള്ളിക്കുന്ന് റോഡ്, കൊടികുത്തിമല റോഡ്, റോസ് ഗാർഡൻ റോഡ്, മുട്ടം മെട്രോ യാർഡ്, മണ്ണാച്ചേരിത്താഴം റോഡ്, ചേലാക്കുന്ന് എസ്.എൻ പുരം റോഡ്, മുട്ടം എടമനപ്പറമ്പ്, ഗ്യാരേജ്, മുതിരപ്പാടം റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

ഇന്നുതന്നെ അറ്റകുറ്റപ്പണി തുടങ്ങുമെന്നും വെള്ളമൊഴുക്കിന് മർദ്ദം ഇല്ലാത്തത് പരിശോധിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, രമണൻ ചേലാക്കുന്ന്, സബിത സുബൈർ എന്നിവർ നേതൃത്വം നൽകി.