പെരുമ്പാവൂർ: ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിലച്ചു. ഇറിഗേഷൻ കനാലിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതുകൊണ്ടാണ് പമ്പിംഗിന് തടസം. എന്നാൽ അറ്റകുറ്റപ്പണി സമയാസമയങ്ങളിൽ നടക്കുന്നില്ല. അധികൃതരുടെ പിടിപ്പുകേട് കൊണ്ടാണ് ഇറിഗേഷന്റെ പമ്പിംഗ് മുടങ്ങിയിരിക്കുന്നതെന്ന് കൂവപ്പടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് ആരോപിച്ചു.
ഒന്നാം പഞ്ചവത്‌സര പദ്ധതിയിൽപ്പെട്ട പദ്ധതിയാണ് ഇത്. 500 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇപ്പോൾ രണ്ട് 75 എച്ച്.പി. മോട്ടറുകളാണ് ഉള്ളത്. 1951 ൽ പ്രവർത്തം ആരംഭിച്ചെങ്കിലും പിന്നീട് ജനകീയാസൂത്രണത്തിൽ ഒരു 75 എച്ച്.പി. മോട്ടോർകൂടി പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇത് കൃത്യമായി പ്രവർത്തിപ്പിക്കാത്തതിനാൽ ജാതി, നെൽക്കൃഷി, വാഴക്കൃഷി തുടങ്ങിയവ ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കർഷകർ സഹിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ കൂവപ്പടി ഗ്രാമപഞ്ചായത്തോ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കളക്ടറോട് കൂവപ്പടി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് ആവശ്യപ്പെട്ടു.