ആലുവ: രാത്രിയുടെ മറവിൽ പൊതുകാനയിലൂടെ കക്കൂസ് മാലിന്യവും ഹോട്ടൽ മാലിന്യവും പെരിയാറിലേക്ക് ഒഴുക്കിയത് നാട്ടുകാർ അർദ്ധരാത്രി സംഘടിച്ചെത്തി പിടികൂടി. ഹോട്ടലിൽ നിന്നുള്ള മാലിന്യവും മലിനജലവുമാണ് പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്. രാത്രി ദുർഗന്ധം പതിവായതോടെയാണ് നാട്ടുകാർ ഉറക്കമിളച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് പൊതുകാനയിലൂടെ മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയത്.
ഏതാനും ദിവസം മുമ്പ് മാലിന്യം കാനയിലേക്ക് പമ്പ് ചെയ്ത് പെരിയാറിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. നഗരസഭ ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ഇത് കാര്യമാക്കാതെയാണ് വീണ്ടും മാലിന്യം ഒഴുക്കിയത്. രാത്രി തന്നെ പൊലീസിനെയും ജനപ്രതിനിധികളെയും നാട്ടുകാർ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഹോട്ടലിനെതിരെ നടപടിയാവശ്യപെട്ട് ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ, നഗരസഭാ സെക്രട്ടറി, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, ഡി.എം.ഒ എന്നിവർക്ക് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും നാട്ടുകാരും നിവേദനം നൽകി. നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.