photo
ചെറായി ബീച്ച് റോഡിൽ പുതിയ സംരക്ഷണ ഭിത്തി ഒരുക്കുന്ന ഭാഗം

വൈപ്പിൻ: മണ്ഡലത്തിലെ രണ്ടു റോഡുകൾ നവീന രീതിയിൽ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പ്രളയപദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. ചെറായി ബീച്ച് റോഡ്, എടവനക്കാട് എ. എ. സെയ്ദ് മുഹമ്മദ് റോഡ് എന്നിവയാണ് പുനരുദ്ധരിക്കുന്നത്.
ചെറായി ബീച്ച് റോഡിൽ കേടുപാടുണ്ടായ കരിങ്കൽഭിത്തി പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിക്കുന്നത്. 50 മീറ്റർ നീളത്തിൽ റിംഗ് ബണ്ട്, പൈലിംഗ് ഉൾപ്പെടെ പ്രവൃത്തികൾ നടത്തി സംരക്ഷണഭിത്തി ഒരുക്കും. പുതിയ കരിങ്കൽഭിത്തിക്കും റോഡിനും ഇടയിലെ ഭാഗം നികത്തി നിരപ്പാക്കി ഇവിടെയുൾപ്പെടെ 60 മീറ്റർ നീളത്തിൽ ഇന്റർലോക്കിംഗ് കട്ടകൾ വിരിക്കും.
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ എ. എ. സെയ്ദ് മുഹമ്മദ് റോഡിലെ പാലത്തിന്റെ ഇടതുവശത്ത് കേടുപാടുണ്ടായ കരിങ്കൽ സംരക്ഷണഭിത്തി 20മീറ്റർ നീളത്തിൽ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും. ഗാബിയോൺ ഘടനയിലുള്ള പാർശ്വസംരക്ഷണ ഭിത്തിയാണ് ഒരുക്കുന്നത്. ഗാബിയോൺ സംരക്ഷണത്തിനും റോഡിനും ഇടയ്ക്കുള്ള ഭാഗം നിരത്തി 180 മീറ്റർ നീളത്തിൽ ഇന്റർലോക്കിംഗ് കട്ടവിരിക്കും.