1

ഫോർട്ടുകൊച്ചി: ലോക ടൂറിസം ദിനത്തിൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് മൈലാഞ്ചിയണിയിച്ച് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ച എം.എസ് ഷിഫാനയെന്ന മട്ടാഞ്ചേരിക്കാരി ഏവരുടേയും മനം കവർന്നു. മട്ടാഞ്ചേരിയിൽ വരൂ, മൈലാഞ്ചിയണിയൂ! എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെട്ട മൈലാഞ്ചിയിടൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മട്ടാഞ്ചേരി ഡച്ച് പാലസിന് മുമ്പിലെ റോഡരികിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി കെ.ജെ.മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ പൈതൃകവുമായി ബന്ധപ്പെട്ട ജനകീയ കലയായ മൈലാഞ്ചിയിടൽ ടൂറിസം വികസനവും ഒപ്പം തൊഴിൽ സാധ്യതയും സൃഷ്ടിക്കാൻ ഉപകരിക്കുന്നതാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ കളക്ടർ ഡോ.രേണുരാജിന്റെ കൈകളിൽ മൈലാഞ്ചിയണിയിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ എന്നിവരുടെ കൈകളിൽ മൈലാഞ്ചിയണിയിച്ചു. കൊച്ചിയിലെ മൈലാഞ്ചി കലാകാരികളായ അഞ്ച് പേരും ഏറ്റവും വലിയ മൈലാഞ്ചി കലാരൂപം സൃഷ്ടിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ഷിഫാനയോടൊപ്പമുണ്ടായിരുന്നു. ഫോർട്ടുകൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ.ആർ.മീണ, കൗൺസിലർ പി.എം.ഇസ്മുദീൻ , ഡി. ടി. പി.സി എക്സിക്യുട്ടീവ് കമ്മറ്റി അംഗം ടി.കെ.ഷെബീബ്, കൊച്ചിൽ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ്, കമ്മിറ്റി അംഗങ്ങളായ പി.എ.ഖാലിദ്, ജോസഫ് ഡൊമിനിക്, ജോണി വൈപ്പിൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡി.ടി.പി.സി എറണാകുളം സെക്രട്ടറി പി.ജി. ശ്യാം കൃഷണൻ എന്നിവർ സംസാരിച്ചു.