മൂവാറ്റുപുഴ: എം.സി റോഡിൽ തൃക്കളത്തൂർ ഭാഗത്ത് വാഹനഅപകടങ്ങൾ കൂടിയിട്ടും വേണ്ട മുൻകരുതലുകൾ എടുക്കാത്ത പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം .സി വിനയനും 21 -ാംവാർഡ് മെമ്പർ സുകന്യ അനീഷും കോൺഗ്രസ് ബൂത്ത് കമ്മറ്റികളും ചേർന്നാണ് സമരം നടത്തിയത്.
എം.സി റോഡിൽ കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ വാഹനഅപകടങ്ങളും തുടർന്നുള്ള മരണങ്ങളും നടക്കുന്നത് തൃക്കളത്തൂർ ഭാഗത്താണ് . ഇത്രയും അധികം അപകടങ്ങൾ നടന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്ന് വർഷംമുമ്പ് ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി എം സി റോഡിന്റെ ഇരുഭാഗങ്ങളിലെ ഓടശുചീകരണവും റോഡ് ടാറിംഗും നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ടാറിംഗ് നടത്തിയതല്ലാതെ ഓടയിൽനിന്ന് മണ്ണ് നീക്കിയില്ല. ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങൾമാത്രം ശേഷിച്ചിരിക്കെ റോഡിന്റെ ഇരു ഭാഗങ്ങളിലെയും മണ്ണ് മാറ്റി ഓട വൃത്തിയാക്കുകയും അപകടകൾ കുറക്കാൻ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുകയുംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
പരാതി പരിശോധിച്ച് തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയെന്നും നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് തയ്യാറാകുമെന്നും എം.സി. വിനയനും സുകുന്യ അനീഷും പറഞ്ഞു.