
ഫോർട്ട്കൊച്ചി: നഗരസഭ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പടുത്തി നിർമ്മിച്ച ഫോർട്ട്കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെയും സ്മാർട്ട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. 98 ലക്ഷം രൂപയായിരുന്നു പദ്ധതിച്ചെലവ്.
വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്ന് സ്പീക്കർ പറഞ്ഞു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്താൻ കായിക വിനോദങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് നിർമ്മിക്കാനാണ് നഗരസഭ തീരുമാനിച്ചത്. ഒരു കോടിരൂപ ചെലവിൽ ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 3 സയൻസ് ലാബുകളുടെയും നിർമ്മാണം പൂർത്തിയായി. ഈ വർഷത്തെ പദ്ധതിയിലുൾപ്പടുത്തി 3 സ്കൂളുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്കൂളിലും മട്ടാഞ്ചേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണിത്.
മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കെ.ജെ.മാക്സി എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് പദ്ധതിവിശദീകരിച്ചു. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. റെനീഷ്, ഷീബാലാൽ, ടി.കെ. അഷറഫ്, എം.എച്ച്.എം. അഷറഫ്, കൗൺസിലർമാരായ അഡ്വ. ആന്റണി കുരീത്തറ, അഡ്വ. ദിപിൻ ദിലീപ്, ബാസ്റ്റ്യൻ ബാബു, കാഡ്കോ മാനേജിംഗ് ഡയറക്ടർ കെ. ജി. അജിത്ത്കുമാർ, സ്കൂൾ പ്രിൻസിപ്പൽ ദാസ് സി.പി., പി.ടി.എ. പ്രസിഡന്റ് പി.എ. മുഹമ്മദ് അസ്ലാം, നഗരസഭാ സെക്രട്ടറി വി.പി. ഷിബു എന്നിവർ സംസാരിച്ചു.