മരട്: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലഹരി വിമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി മരട് നഗരസഭയിൽ സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടിയിൽ പൊലീസ്, എക്സൈസ്, വില്ലേജ് ഓഫീസർ, ആരോഗ്യ വിഭാഗം, സ്കൂളുകൾ, കുടുംബശ്രീ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. തുടർന്ന് ആന്റണി ആശാൻപറമ്പിൽ ചെയർമാനായിട്ടുള്ള സമിതി രൂപീകരിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, ബെൻഷാദ് നടുവിലവീട്, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സിബി സേവ്യർ, ദിഷ പ്രതാപൻ, റിയാസ് കെ. മുഹമ്മദ്, എക്സൈസ് സി.ഐ പ്രിൻസ് ബാബു, പനങ്ങാട് എസ്.ഐ ജിൻസൻ, വില്ലേജ് ഓഫീസർ കെ.ഡി. ബിജു തുടങ്ങിയവർ സംസാരിച്ചു.