കൊച്ചി: കേരളത്തിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരിച്ച് ഓരോ പ്രദേശത്തും ഷെൽട്ടറുകൾ നിർമ്മിച്ച് പാർപ്പിക്കണമെന്ന് പിറവം നഗരസഭ ക്ഷേമകാര്യ ചെയർമാൻ ജിൽസ് പെരിയപ്പുറം പറഞ്ഞു. തെരുവുനായ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ താനുൾപ്പെടെ ഏഴുപേർ കക്ഷി ചേർന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകണം. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സമയ പരിധി നിശ്ചയിച്ച് ഉടനടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പേവിഷബാധയ്ക്കെതിരെയുള്ള നിലവിലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലകൾ തോറും ആരോഗ്യവകുപ്പിൽ പ്രത്യേക വിദഗ്ദ്ധസമിതിയെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എമിൽ ടെറ്റസ്, ശ്രീജിത്ത് പാഴൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.