sp-vivek-kumar
കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവിന്റെ എറണാകുളം റൂറൽ ജില്ലാതല ഉദ്ഘാടനം ആലുവയിൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ നിർവഹിക്കുന്നു

ആലുവ: കേരളാ പൊലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ യോദ്ധാവിന്റെ എറണാകുളം റൂറൽ ജില്ലാതല ഉദ്ഘാടനം ആലുവയിൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ നിർവഹിച്ചു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ ജെയ്‌സൻ പീറ്റർ, ചൈൽഡ് ഡവലപ്പ്‌മെൻറ് പ്രൊജക്ട് ഓഫീസർ ഡോ. ജയന്തി പി. നായർ, ഡോ. നിഷ പി. മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ.ആർ. അനീഷ് ക്ലാസിന് നേതൃത്വം നൽകി.

വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബുകൾ

'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർക്കോട്ടിക്ക് ക്ലബുകൾ ആരംഭിച്ചു. പ്രിൻസിപ്പലാണ് ക്ലബ് ചെയർമാൻ. ഒരു അദ്ധ്യാപികയെ യോദ്ധാവായി തിരഞ്ഞെടുക്കും. വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും ക്ലബിന്റെ ഭാഗമാകും. ഇവർക്ക് പ്രത്യേക പരിശീലനം നൽകും.

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയുകയാണ് ലക്ഷ്യം. ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് അവരെ ലഹരിവിമുക്തരാക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്‌റ്റേഷൻ തലത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രവർത്തിക്കും. വിദഗ്ദ്ധരെയും സംഘടനകളേയും സ്കൂൾ പി.ടി.എകളേയും ഉൾപ്പെടുത്തി യോഗംവിളിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വീഡിയോ ചിത്രങ്ങൾ വഴി ബോധവത്കരണവുമുണ്ട്. ലഹരിവിരുദ്ധ സന്ദേശ യാത്രകൾ, ക്ലാസുകൾ, സൈക്കിൾ, ബൈക്ക് റാലികൾ, ഫ്ലാഷ് മോബുകൾ, തെരുവ് നാടകങ്ങൾ എന്നിവയും നടത്തും.