മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ ടൂറിസം സാദ്ധ്യതകൾക്ക് ഏറെ പ്രയോജനകരമാകുന്ന നിർദിഷ്ട ജലമെട്രോ ജെട്ടി നിർമാണം വൈകുന്നതിൽ മേഖലയിലെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. ജലമെട്രോ ജെട്ടി നിർമാണത്തിൽ മട്ടാഞ്ചേരിയോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. ജെട്ടി നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹാന്റിക്രാഫ്റ്റ് ഡീലേഴ്സ് ആൻഡ് മാനുഫാക്ച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി.
ജലമെട്രോ നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ അത് മട്ടാഞ്ചേരിയുടെ ടൂറിസം വികസനത്തിന് വലിയ തിരിച്ചടിയായി മാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മട്ടാഞ്ചേരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമ കേന്ദ്രമോ ശൗചാലയ സംവിധാനങ്ങളോ ഫുഡ്കോർട്ടുകളോയില്ലാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അറാഫത്ത് നാസർ പറഞ്ഞു. ഇതിനുപുറമേ ടൂറിസം ഇൻഫൊർമേഷൻ സെന്റർ, കൾച്ചറൽ സെന്റർ എന്നിവയുമില്ല. ജലമെട്രോ ജെട്ടിയുമായി ബന്ധപെട്ട കെട്ടിട സമുച്ചയം വന്നാൽ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഗോഡ്വിൻ ഐസിഡോർ പറഞ്ഞു.
ജലമെട്രോ പദ്ധതി യാഥാർഥ്യമായാൽ ചരിത്ര, പൈതൃക സ്മാരകങ്ങൾ നിലകൊള്ളുന്ന മട്ടാഞ്ചേരിയിലേക്ക് നിരവധി വിദേശികളും സ്വദേശികളുമായിട്ടുള്ള സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് അസോസിയേഷൻ മുൻ പ്രസിഡന്റ് റോക്കി സി.നെരോത്ത്, എക്സിക്യുട്ടീവ് അംഗം കണ്ണൻ ബാലചന്ദ്രൻ എന്നിവർ പറഞ്ഞു. ജലമെട്രോയുമായി ബന്ധപ്പെട്ട് മറ്റ് ജെട്ടികളുടെ നിർമാണം പുരോഗമിക്കുമ്പോൾ മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണം എന്ന് ആരംഭിക്കുമെന്ന് ആർക്കു പിടയില്ല. കരാർ പ്രകാരം രണ്ട് വർഷം മുമ്പ് തീരേണ്ട ജെട്ടി നിർമാണം ആരംഭിച്ചിട്ട് പോലുമില്ലെന്നതാണ് വസ്തുത. കൊച്ചി കായൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായുള്ള ചെളി നിക്ഷേപ കേന്ദ്രവും യന്ത്ര സാമഗ്രികളുടെ വിശ്രമ കേന്ദ്രവുമാണ് ജെട്ടി നിർമാണ സ്ഥലം ഇപ്പോൾ.