തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിയും സെക്രട്ടറിയും തമ്മിലെ പോരുമുറുകുന്നു. അതിനിടെ 38-ാം ഡിവിഷനിലെ റീഗൽ വലൻസിയ എന്ന പാർപ്പിട സമുച്ചയത്തിന് ചട്ടം ലംഘിച്ച് അനുമതി നൽകുന്നതിന് മുൻമന്ത്രി എം.വി.ഗോവിന്ദൻ ഇടപെട്ടെന്ന് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ ഇന്നലെ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉമ തോമസ് എം.എൽ.എയും കൊച്ചിയിലും അദ്ധ്യക്ഷയും സംഘവും തൃക്കാക്കരയിലും വാർത്താസമ്മേളനം നടത്താനാണ് രണ്ട് ദിവസം മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് നേതാവിന് വിവരാവകാശം വഴി ലഭിച്ച രേഖകൾ കഴിഞ്ഞ ദിവസമാണ് സതീശന്റെ ശ്രദ്ധയിൽപ്പെട്ടത്. മന്ത്രിയുടെ കുറിപ്പിൽ ചട്ടലംഘനമില്ലെന്ന് മനസിലാക്കിയതോടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഉമ തോമസിനെ സതീശൻ വിലക്കി. വാർത്താ സമ്മേളനത്തിൽ നിന്ന് അദ്ദേഹവും പിൻമാറി. തുടർന്ന് തൃക്കാക്കരയിൽ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി അജിത തങ്കപ്പനും സംഘവും കൊച്ചിയിലേക്കെത്തുകയായിരുന്നു.
കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെയും സ്വതന്ത്ര കൗൺസിലർമാരുടെയും എതിർപ്പിനെ തുടർന്ന് തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറി ബി.അനിൽകുമാറിനെതിരെ ഭരണസമിതി കൊണ്ടുവരാനൊരുങ്ങിയ പ്രമേയവും വേണ്ടെന്നുവച്ചു.
മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു
റീഗൽ വലൻസിയ പാർപ്പിട സമുച്ചയത്തിന് ചട്ടം ലംഘിച്ച് അനുമതി നൽകിയത് അന്വേഷിക്കണമെന്ന് തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയും കൗൺസിലർമാരും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാർപ്പിട സമുച്ചയത്തിന് ഫയർ എൻ.ഒ.സി ഇല്ലാതെ അനുമതി നൽകിയ നഗരസഭാ സെക്രട്ടറി ബി.അനിൽകുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഫയർ എൻ.ഒ.സി ഇല്ലാത്ത കെട്ടിടത്തിന് താമസ അനുമതി നൽകാൻ അന്നത്തെ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ ഇടപെട്ടതായും അവർ ചൂണ്ടിക്കാട്ടി. താമസാനുമതി ആവശ്യപ്പെട്ടുകൊണ്ട് റീഗൽ വലൻസിയ ഓണേഴ്‌സ് അസോസിയേഷൻ മന്ത്രിക്ക് നൽകിയ അപേക്ഷ പ്രകാരമാണ് ഫയർ എൻ.ഒ.സി ഇല്ലാതെ ഒക്യുപെൻസി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് കുറിപ്പു നൽകിയതെന്നും അവർ പറഞ്ഞു. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച ഈ രേഖയും വാർത്താസമ്മേളനത്തിൽ അദ്ധ്യക്ഷ ഹാജരാക്കി. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി ലഭ്യമാക്കിയതോണോ അതല്ല അനുമതി നൽകിയതിന് മന്ത്രി കൂട്ടുനിന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർമാരായ ഷാജി വാഴക്കാല, സി.സി വിജു, റാഷിദ് ഉള്ളംപിള്ളി എന്നിവർ പങ്കെടുത്തു.