തൃക്കാക്കര: പ്രായപൂർത്തിയാകാത്തവർ വാഹനമുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴ ചുമത്തി . ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനമോടിക്കാൻ നൽകിയ വകുപ്പിൽ 5000 രൂപയും പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയ കുറ്റത്തിന് 25000 രൂപയുമാണ് പിഴ ചുമത്തിയത്. കുറ്റക്കാർക്ക് കോടതി പിരിയുംവരെ സാധാരണ തടവും വിധിച്ചു. കുറ്റക്കാരായവർ ഓടിച്ച വാഹനത്തിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കാനും നിർദേശിച്ചു. വാഹന ഉടമകൾ രണ്ടാഴ്ചത്തെ പരിശീലനക്ലാസിൽ പങ്കെടുക്കണം.

പോണേക്കര സ്വദേശി പുന്നക്കരപറമ്പിൽ ഷമീർ, കളമശേരി സ്വദേശി ഞാക്കടവീട്ടിൽ നിസ, ആലുവ പരമാനക്കൂടിവീട്ടിൽ ഹലീന അബുബക്കർ എന്നിവർക്കെതിരെയാണ് നടപടി. വാഹനമോടിച്ചിരുന്ന ആൾ പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള നടപടി ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പരിഗണനയിലാണ്.