തൃക്കാക്കര: ജില്ലാ ഭരണകൂടവും നഗരസഭയും ചേർന്ന് പുനരധിവാസത്തിന് മുന്നോടിയായി വാടക വീടുകളിലേക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങൾക്ക് വാടക നൽകാതെ നഗരസഭ ഒളിച്ചുകളിക്കുന്നു. മുനിസിപ്പൽ സെക്രട്ടറി - ചെയർപേഴ്സൺ പോരാണ് വാടക വൈകുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. സർക്കാരിൽ നിന്ന് അനുമതി കിട്ടും വരെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബങ്ങൾക്കു വാടക നൽകണമെന്ന് ചെയർപേഴ്സൺ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യമാസത്തെ വാടക സെക്രട്ടറി ബി.അനിൽകുമാർ കുടുംബങ്ങൾക്ക് നൽകുകയും ചെയ്തു.പിന്നീട് വാടക കൊടുത്തതിനെതിരെ ചെയർപേഴ്സൺ അജിത തങ്കപ്പൻ രംഗത്തുവന്നതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സർക്കാരിന്റെ അനുമതി ലഭിച്ചശേഷം മാത്രം വാടക കൊടുത്താൽ മതിയെന്ന നിലപാടിലാണ് ചെയർപേഴ്സൺ.ഇതോടെ 13 കുടുംബങ്ങളുടെ വാടക മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള,ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ എം.ജെ.ഡിക്സൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കീരേലിമലയിലെ അൻപത്തി ആറ് കോളനിയിലെ ആറ് കുടുംബങ്ങൾക്കും ഇരുപത്തി ഒന്ന് കോളനിയിലെ ഏഴ് കുടുംബങ്ങൾക്കും കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വാടക നൽകാൻ നഗരസഭ തീരുമാനിച്ചത്