കോലഞ്ചേരി: പകലിനെ തീച്ചൂളയാക്കി താപനില ഉയരുമ്പോൾ നാടും നഗരവും ചൂടിൽ പൊള്ളി കരിയുന്നു. പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. മഴ കുറഞ്ഞതാണ് ചൂടു കൂടാൻ കാരണമായി പറയുന്നത്. അതിനിടയിൽ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങളും കൂടുന്നു. ഗ്രാമീണ മേഖലകളിൽ ചൂട് 32 ഡിഗ്രി സെൽഷ്യസ് കടന്നു. വേനൽകാഠിന്യം വർദ്ധിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സൂര്യാഘാത സാദ്ധ്യത മുന്നിൽകണ്ട് പകൽ 12 മുതൽ 3 വരെ വിശ്രമ സമയമാക്കി തൊഴിൽ സമയം ക്രമീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വഴിയരികിൽ ആരെങ്കിലും വീണു കിടക്കുന്നതു കണ്ടാൽ അവഗണിക്കാതെ സഹായം ലഭ്യമാക്കണം.
മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ വലയ്ക്കുന്നു. മിക്കവാറും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ പ്രഖ്യാപിത വൈദ്യുതി മുടക്കവുമുണ്ട്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം
ക്ഷീണം അനുഭവപ്പെട്ടാൽ വേണ്ടത്ര വിശ്രമം അനുവദിക്കണം.
ദീർഘനേരം വെയിലേറ്റുള്ള നടത്തവും ജോലിയും ഒഴിവാക്കുന്നതാണ് ഉത്തമം
പകൽ യാത്ര ചെയ്യുമ്പോൾ ശുദ്ധജലവും കുടയും കരുതണം
ധാരാളം ശുദ്ധജലം കുടിക്കണം