
കൊച്ചി: കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതുക്കിയ മരുന്നുപട്ടികയിൽ അവശ്യമരുന്നുകളുടെ 20 ശതമാനത്തിൽ താഴെ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും ഫലപ്രദവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്നതുമായ മരുന്നുകൾ പട്ടികയ്ക്ക് പുറത്താണെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. അഭിലാഷ് പറഞ്ഞു. ഈ മരുന്നുകൾക്ക് ഇഷ്‌ടാനുസരണം വിലവർദ്ധിപ്പിക്കാൻ മരുന്ന് ഉത്പാദകരായ വൻകിട കോർപ്പറേറ്റുകൾക്ക് അനുമതി നൽകുന്നതിലൂടെ ചികിത്സാചെലവിൽ വൻവർദ്ധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡി.എം.ഒ ഓഫീസിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീത സുരേഷ്ബാബു, രാജമ്മ പി.കെ, ഷീജ പി.ഡി എന്നിവർ സംസാരിച്ചു.