കൊച്ചി: സംസ്ഥാനത്തെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തേവരയിൽ വെള്ളിയാഴ്ച തുടക്കം കുറിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സാമൂഹികാരോഗ്യ കേന്ദ്രം തേവര വൃദ്ധസദനം ഹാളിൽ മന്ത്രി വീണ ജോർജ് ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് സൗജന്യ കൗൺസലിംഗ് നൽകിയവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
നിലവിലെ 12 പ്രാഥമിക നഗരാരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേയാണ് ആറു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരമെന്ന നിലയിൽ തേവരയിൽ പുതുതായി സാമൂഹികാരോഗ്യ കേന്ദ്രം ആരംഭിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. 2019ലാണ് തേവരയിലെ നഗര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുമതി ലഭിച്ചത്. എന്നാൽ സാമൂഹികനീതി വകുപ്പിന് കീഴിലെ കെട്ടിടം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിമിത്തം പദ്ധതി മുന്നോട്ടുപോയില്ല. കെട്ടിടം വിട്ടുകിട്ടിയ ശേഷം ഏകദേശം 35 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പുനരുദ്ധരിച്ചത്.
സ്പെഷ്യാലിറ്റി സേവനം
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനസമയം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സേവനങ്ങൾക്ക് പുറമേ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാകും. രോഗികൾക്ക് ഒബ്‌സെർവേഷൻ സൗകര്യം ലഭ്യമായിരിക്കും. ഇതിനായി ആറു ബെഡുകൾ സജ്ജമാക്കും. ആധുനിക സംവിധാനങ്ങളുളള ലാബും ആശുപത്രിയിലുണ്ടാകും. ആദ്യഘട്ടത്തിൽ ജനറൽ ഒ.പി ക്ക് പുറമെ ശിശുരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ഓർത്തോ പീഡിഷ്യൻ, ഡെന്റൽ തുടങ്ങിയ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങളായിരിക്കും ലഭിക്കുക. രണ്ട് മെഡിക്കൽ ഓഫീസർമാർ, നാല് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാർമസിസ്റ്റ്, രണ്ട് ലാബ് ടെക്‌നീഷ്യന്മാർ എന്നിവരുണ്ടാകും, ആഴ്ചയിൽ മൂന്നു ദിവസം ഡെന്റൽ സർജന്റെയും രണ്ടു ദിവസം ശിശുരോഗ വിദഗ്ദന്റെയും ചൊവ്വ, ശനി ദിവസങ്ങളിൽ അസ്ഥിരോഗവിഭാഗം ഡോക്‌ടറുടെയും മാസത്തിലൊരിക്കൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെയും സേവനമുണ്ടാകും. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, കൊവിഡ് വാക്‌സിനേഷൻ, കുടുംബാസൂത്രണ സേവനങ്ങൾ, ലാബ്, മരുന്നുകൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും.
38 വെൽനെസ് കേന്ദ്രങ്ങൾ
അടുത്തു തന്നെ ദേശീയാരോഗ്യ ദൗത്യത്തിന് കീഴിൽ കൊച്ചി നഗരത്തിൽ 38 അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ കൂടി ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ സഹായത്തോടെയാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ആരംഭിക്കുക. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്ഥിരംസമിതി ചെയർമാൻമാരായ ടി.കെ.അഷ്‌റഫ്, പി.ആർ.റെനീഷ്, വി.എ.ശ്രീജിത്ത്, സുനിത ഡിക്സൺ, പ്രിയ പ്രശാന്ത്, ഡോ.സജിത്ത് ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.