കളമശേരി: മഹാകവികളുടെ കവിതകൾ നോട്ടുപുസ്തകത്തിൽ പകർത്തിയെഴുതി സൂക്ഷിച്ചിരുന്ന അമ്മയും, ഷേക്‌സ്പിയറും വള്ളത്തോളും മറ്റുമാണ് തന്നിൽ സാഹിത്യാഭിരുചി വളർത്തിയതും ജീവിതത്തിന്റെ വിധി നിർണ്ണയിച്ചതുമെന്ന് എഴുത്തുകാരിയും വിമർശകയുമായ ഡോ. എം. ലീലാവതി പറഞ്ഞു. കുസാറ്റ് ഹിന്ദി വകുപ്പ് സെമിനാർ ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അവർ.

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാര വിശിഷ്ടാംഗത്വം ഡോ. ലീലാവതിക്ക് സമർപ്പിച്ചു. സൈദ്ധാന്തികമായി ഏറെ ഉയരത്തിൽ നിൽക്കുമ്പോഴും ജീവിതത്തിൽ ഡോ. ലീലാവതി കാത്തുസൂക്ഷിച്ച ലാളിത്യവും വിനയവും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു പ്രശംസാപത്രം വായിച്ചു. അക്കാദമി മലയാളം ഉപദേശക സമിതി കൺവീനർ പ്രഭാവർമ്മ, വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.