തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ യുവജന ബോർഡ് കോ- ഓർഡിനേറ്റർ നിയമനത്തിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർക്കൊപ്പം ഒരുവിഭാഗം കോൺഗ്രസ് അംഗങ്ങളും രംഗത്ത് വന്നതോടെ നിയമന തീരുമാനം മാറ്റിവച്ചു. യുവജന ബോർഡ് കോ- ഓർഡിനേറ്ററായി മുഹമ്മദ് റസലിനെ നിയമിക്കാനുള്ള നീക്കത്തെയാണ് പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിത സണ്ണി, വി.ഡി.സുരേഷ്, ജോസ് കളത്തിൽ, രാധാമണിപിള്ള,സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവർ രംഗത്തെത്തിയത്. കൂടിയാലോചനയില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതായി ആരോപിച്ചായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ വിയോജിച്ചത്. കൂടാതെ കോൺഗ്രസ് അംഗത്തിന്റെ വാർഡിന് സി.ആർ.എസ് ഫണ്ട് നൽകുന്നതിനെതിരെ സ്വന്തം പാർട്ടിയിലെ കൗൺസിലർ വി.ഡി.സുരേഷ് രംഗത്തുവന്നിരുന്നു. സി.ആർ.എസ് ഫണ്ട് ഒരുവാർഡിലേക്ക് മാത്രം കൊടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ വിയോജിപ്പ് പ്രകടിപ്പിച്ചത്. പൊതുഫണ്ട് ഉപയോഗിച്ച് കാക്കനാട് ഗവ.എൽ.പി സ്കൂൾ മൂന്നാംഘട്ട നിർമ്മാണം 99,35,200 രൂപ അനുവദിക്കാൻ തീരുമാനമായി. തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഫയൽ ചിലർ പിടിച്ചുവച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബർ പറഞ്ഞു. ഫയൽ പരിശോധിച്ചശേഷം മറുപടി പറയാമെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ അറിയിച്ചു.