 
നെടുമ്പാശേരി: പെരിയാറിലെ ദുരന്തത്തിന്റെ ഞെട്ടലിലാണ് പുതുവാശേരിക്കാർ. ആര്യനന്ദയും പിതാവ് ലൈജുവും ഏവർക്കും പ്രിയപ്പെട്ടവരായിരുന്നു. എസ്.എൻ.ഡി.പി യോഗം പുതുവാശേരി ശാഖാംഗമായ മല്ലിശേരി വീട്ടിൽ ലൈജുവാണ് ആറുവയസുള്ള മകളെ ആദ്യം പെരിയാറിലേക്ക് വലിച്ചെറിഞ്ഞശേഷം ഇന്നലെ രാവിലെ അവിടെത്തന്നെ ചാടി ജീവനൊടുക്കിയത്. സംഭവമറിഞ്ഞ പലർക്കും ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. അത്താണി അസീസി സ്കൂളിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയായ ആര്യനന്ദ കഴിഞ്ഞ ചതയാഘോഷ പരിപാടികളിൽ സമ്മാനം വാരിക്കൂട്ടിയ കൊച്ചുമിടുക്കിയാണ്.
ശാഖയിൽ ചതയം - ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ആദ്യനന്ദയും പങ്കെടുത്തിരുന്നു. വിവിധ മത്സരങ്ങളിൽ ഒന്നാംസമ്മാനംനേടിയ ആര്യനന്ദക്ക് കഴിഞ്ഞ ഞായറാഴ്ച ശാഖയിലെ കുടുംബയോഗത്തിലാണ് സമ്മാനങ്ങൾ നൽകിയത്. ആര്യക്കൊപ്പം കുടുംബയോഗത്തിൽ ലൈജുവും പങ്കെടുത്തിരുന്നു.